കര്‍ണാടക സര്‍ക്കാര്‍ ആംബുലന്‍സ് സംവിധാനം തകരാറിലായി
text_fieldsബംഗളൂരു: ഹെൽപ് ലൈനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് കര്‍ണാടകയിലെ സര്‍ക്കാര്‍ ആംബുലന്‍സ് സര്‍വിസുകള്‍ ശനിയാഴ്ചയും ഞായറാഴ്ചയും തടസ്സപ്പെട്ടു.ഇതേത്തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ടിവന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെൽപ് ലൈന്‍ നമ്പറായ 108 പ്രവര്‍ത്തനരഹിതമായതാണ് സര്‍വിസ് മുടങ്ങുന്നതിന് കാരണമായത്.
സാങ്കേതിക തകരാര്‍ കാരണം 108ലേക്ക് വിളിച്ചവര്‍ക്ക് ഒരു മറുപടിയും ലഭിക്കുന്നില്ല. 108 ഹെൽപ് ലൈനിലേക്ക് ദിവസേന പതിനായിരത്തോളം ഫോണ്‍ കാളുകള്‍ വരുന്നതാണ്. അതിനിടെ, ആളുകള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ വിളിക്കാന്‍ പകരം ഫോണ്‍ നമ്പറുകള്‍ ജില്ല ഭരണകൂടങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അവരുടെ സ്വന്തം ഫോണ്‍ നമ്പറുകളും ആളുകള്‍ക്ക് നല്കി.
കഴിഞ്ഞ രണ്ടു ദിവസമായി 108 ഹെൽപ് ലൈനിന് സാങ്കേതിക തകരാറുണ്ടെന്ന് ഹെൽപ് ലൈന്‍ മേധാവി ജി.ആര്. ഹനുമന്ത് പറഞ്ഞു. വാരാന്ത്യമായതിനാലാണ് സാങ്കേതിക വിദഗ്ധരെ ലഭിക്കാത്തത്. ഞായറാഴ്ച രാത്രിയോടെയോ തിങ്കളാഴ്ച രാവിലെയോ തകരാര്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചിലയിടങ്ങളില്‍ പകരം നമ്പര്‍ ലഭ്യമാക്കിയതിനെ തുടര്‍ന്ന് ഏതാനും ആംബുലന്‍സുകള്‍ സര്‍വിസ് നടത്തി. പ്രശ്നം പരിഹരിച്ച് ആംബുലന്‍സ് സര്‍വിസ് പുനരാരംഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുടുംബാരോഗ്യ ക്ഷേമ മന്ത്രി ഡോ. കെ. സുധാകറിന് നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

