കർണാടകയിലെ ഗവ. മെഡിക്കൽ കോളജുകളിൽ 400 മെഡിക്കൽ സീറ്റ് കൂടി
text_fieldsബംഗളൂരു: കർണാടകക്ക് 400 മെഡിക്കൽ സീറ്റുകൾകൂടി അനുവദിക്കാൻ ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) തീരുമാനം. മെഡിക്കൽ സീറ്റ് അലോട്ട്മെന്റിന്റെ രണ്ടാം ഘട്ടത്തിലാണ് എം.ബി.ബി.എസ് കോഴ്സിന് അധിക സീറ്റുകൾ അനുവദിച്ചത്. ഇതുപ്രകാരം, കർണാടകയിലെ എട്ട് മെഡിക്കൽ കോളജുകളിൽ 50 വീതം അധിക സീറ്റ് ലഭിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിലെ സീറ്റ് ശേഷി വർധിപ്പിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ അഭ്യർഥന പരിഗണിച്ചാണ് എൻ.എം.സി തീരുമാനം.
15 മെഡിക്കൽ കോളജുകളിലെ സീറ്റുകളിൽ വർധന വേണമെന്നതായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. എന്നാൽ, ബംഗളൂരു, ബെളഗാവി, ചിക്കബല്ലാപൂർ, ഗുൽബർഗ (കലബുറഗി), ഹാസൻ, മൈസൂരു, റായ്ച്ചൂർ, വിജയനഗര എന്നിവിടങ്ങളിലെ സർക്കാർ മെഡിക്കൽ കോളജുകൾക്കും ഹുബ്ബള്ളിയിലെ ജെ.ജി.എം.എം.എം.സി കൽപിത സർവകലാശാലക്കുമാണ് 50 വീതം അധിക സീറ്റ് അനുവദിച്ചത്.
അതേസമയം, ബിദർ, ചാമരാജ് നഗർ, ഗദക്, കാർവാർ, കൊപ്പാൽ, മാണ്ഡ്യ, ശിവമൊഗ്ഗ എന്നിവിടങ്ങളിലെ മെഡിക്കൽ കോളജുകൾക്ക് അധിക സീറ്റ് അനുവദിക്കാനുള്ള അപേക്ഷ എൻ.എം.സി തള്ളി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് ഈ സ്ഥാപനങ്ങൾക്ക് അധിക സീറ്റ് അനുവദിക്കാതിരുന്നത്.
ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ബംഗളൂരുവിലെ അടൽ ബിഹാരി വാജ്പേയി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെന്റർ എന്നിവക്ക് 100 സീറ്റ് വീതമാണ് അധികം ആവശ്യപ്പെട്ടിരുന്നത്. ഇവക്ക് 50 സീറ്റ് വീതം മാത്രം അനുവദിച്ചു. എന്നാൽ, പുതുതായി അനുവദിച്ച സീറ്റുകൾ പുതിയ അപേക്ഷക്ക് പരിഗണിക്കില്ലെന്ന് കർണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ) അധികൃതർ വ്യക്തമാക്കി.
ഒന്നാം റൗണ്ടിൽ മെഡിക്കൽ സീറ്റ് അനുവദിക്കുകയും രണ്ടാം ചോയ്സ് തെരഞ്ഞെടുക്കുകയും കോഴ്സ് ഫീ അടക്കുകയും ചെയ്ത വിദ്യാർഥികൾക്കും മൂന്നാം ചോയ്സ് തെരഞ്ഞെടുക്കുകയും കോഷൻ ഡെപ്പോസിറ്റ് തുക അടക്കുകയും ചെയ്ത വിദ്യാർഥികളെ സ്വാഭാവികമായും പരിഗണിക്കുമെന്ന് കെ.ഇ.എ എക്സി. ഡയറക്ടർ എച്ച്. പ്രസന്ന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

