കർണാടക സർക്കാറിന് ചോളം കർഷകരോട് അവഗണന
text_fieldsഐക്യദാർഢ്യ റാലി വിവിധ സംഘടനാ നേതാക്കൾ നയിക്കുന്നു
ബംഗളൂരു: ചോളം കർഷകർ നേരിടുന്ന പ്രശ്നങ്ങളുയർത്തി സിന്ദനൂരിൽ ഉജ്ജ്വല റാലി സംഘടിപ്പിച്ചു. കർഷകരെ പിന്തുണച്ച് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത സിന്ദനൂർ താലൂക്ക് ബന്ദിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വ്യാപാരികൾ സ്ഥാപനങ്ങൾ അടച്ചിട്ട് റാലിയിൽ അണിനിരന്നു.
സി.പി.ഐ.എം.എൽ (ലിബറേഷൻ), ജമാഅത്തെ ഇസ്ലാമി ഹിന്ദ് സിന്ദനൂർ താലൂക്ക് യൂനിറ്റ്, കർഷക അനുകൂല സംഘടനകൾ, കന്നട അനുകൂല സംഘടനകൾ, ബിസിനസ് അസോസിയേഷനുകൾ, താലൂക്ക് അഭിഭാഷക അസോസിയേഷൻ, കോൺട്രാക്ടർ അസോസിയേഷനുകൾ എന്നിവയിലെ അംഗങ്ങൾ പങ്കെടുത്തു. സംസ്ഥാന സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാർ റാലി നടത്തി.
ചോളം സംഭരണം ആരംഭിക്കണമെന്ന കർഷകരുടെ അഭ്യർഥനയോട് സംസ്ഥാന സർക്കാർ പ്രതികരിച്ചിട്ടില്ലെന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. കർഷകർ സമരം ശക്തമാക്കിയപ്പോൾ സ്ഥിതിഗതികൾ ലഘൂകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവെന്നും ഇത് സർക്കാറിന് കർഷകരെക്കുറിച്ച് താൽപര്യമില്ലെന്ന് കാണിക്കുന്നുവെന്നും അവർ ആരോപിച്ചു. കഴിഞ്ഞയാഴ്ച തഹസിൽദാരുടെ ഓഫിസിന് പുറത്ത് തങ്ങളുടെ ലോറി പാർക്ക് ചെയ്ത് കർഷകർ സമാനമായ പ്രതിഷേധം നടത്തിയിരുന്നു.
ആവശ്യങ്ങൾക്ക് മറുപടി നൽകാൻ ലിംഗസുഗുർ അസി. കമീഷണർ ബസവണ്ണപ്പ കലാഷെട്ടിയും തഹസിൽദാർ ഇൻ ചാർജ് ശ്രുതിയും കർഷകരോട് നാല് ദിവസത്തെ സമയം അഭ്യർഥിച്ചതിനെത്തുടർന്ന് കർഷകർ പ്രതിഷേധം പിൻവലിച്ചു. സർക്കാർ ഇതുവരെ ഈ വിഷയത്തിൽ ഒരു തീരുമാനവും എടുക്കാത്തതിനെത്തുടർന്നാണ് സിന്ദനൂരിലെ തെരുവുകളിൽ പ്രതിഷേധ റാലി നടത്തി കർഷകർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ പേര് രജിസ്റ്റർ ചെയ്ത കർഷകർക്ക് സർക്കാർ താങ്ങുവില ഇതുവരെ നൽകിയിട്ടില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഇത്തരം പോരായ്മകൾക്ക് കർഷകരല്ല, ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്ന് അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

