കർണാടകയിൽ അധ്യാപകർക്കും ഇനി ബഹുമാനസൂചകം
text_fieldsബംഗളൂരു: കർണാടക സർക്കാർ അധ്യാപകർക്ക് പേരിന് മുമ്പ് ടീച്ചർ എന്നതിന്റെ ‘Tr’ എന്ന ബഹുമാനസൂചകം നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കുഡ്‌ലിഗിയിൽ നടന്ന പ്രജാസേവയുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാഷ്ട്രം കെട്ടിപ്പടുക്കാൻ ഒരാളെ പ്രാപ്തനാക്കുന്നത് അവരുടെ അധ്യാപകനാണ്. കർണാടകയിലെ ഏകദേശം 4.5 ലക്ഷം അധ്യാപകർ ഉൾപ്പെടെ ഇന്ത്യയിലെ ഒരു കോടിയിലധികം അധ്യാപകർ ഓരോ ദിവസവും നമ്മുടെ കുട്ടികളുടെ മനസ്സിനെയും സ്വഭാവത്തെയും ഭാവിയെയും രൂപപ്പെടുത്തിയെടുക്കുന്നു.
ഡോക്ടർ, എൻജിനീയർ, കർഷകൻ, ഉദ്യോഗസ്ഥൻ, സംരംഭകൻ, നേതാവ് എന്നിവരുടെ ഓരോരുത്തരുടെയും സൃഷ്ടിയുടെ പിറകില്‍ ഒരു അധ്യാപകനുണ്ട്. സ്വന്തം കഴിവുകൾ തിരിച്ചറിയാന്‍ അവരെ അധ്യാപകര്‍ സഹായിച്ചു. അധ്യാപക ദിനത്തിൽ കർണാടക സർക്കാർ അധ്യാപകരെ ആദരിക്കുകയാണ് എന്നു പറഞ്ഞാണ് ശിവകുമാര്‍ തീരുമാനം അറിയിച്ചത്. കർണാടകയിലെ അധ്യാപകർക്ക് ഇനി മുതല്‍ അവരുടെ പേരിന് മുമ്പ് ‘Tr’ എന്ന ബഹുമാനസൂചക അക്ഷരങ്ങൾ ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ രൂപപ്പെടുത്തുന്നതിനായി ജീവിതം സമർപ്പിച്ച അധ്യാപകരെ സമൂഹം അംഗീകരിക്കുന്നതിന്‍റെ പ്രതീകമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

