കർണാടക സർക്കാർ പുതിയ സ്റ്റാർട്ടപ് നയം പുറത്തിറക്കി
text_fieldsബംഗളൂരു: 2025-2030 വർഷത്തെ സ്റ്റാർട്ടപ് നയം കർണാടക മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്ത് ഉടനീളം 25,000 കമ്പനികൾ നിർമിക്കുകയാണ് ലക്ഷ്യം. 10,000 കമ്പനികൾ ബംഗളൂരുവിന് പുറത്ത് സ്ഥാപിക്കും. സർക്കാർ ഇതിനായി 518.27 കോടി രൂപ നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക് ചെയിൻ, ക്വാണ്ടം കമ്പ്യൂട്ടിങ്, മറ്റ് ഡീപ് ടെക്നോളജി മേഖലകൾ എന്നിവയിലേക്ക് സ്റ്റാർട്ടപ് മേഖല വ്യാപിപ്പിക്കുമെന്ന് നിയമ പാർലമെന്ററി കാര്യമന്ത്രി എച്ച്.കെ. പാട്ടീൽ മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് 18,000 അംഗീകൃത സ്റ്റാർട്ടപ്പുകൾ ഉണ്ട്.
സ്റ്റാർട്ടപ് ഇൻകുബേഷനും ആക്സിലറേഷൻ സൗകര്യങ്ങൾക്കും പിന്തുണ നൽകും. ബിയോണ്ട് ബംഗളൂരു ക്ലസ്റ്റർ സീഡ് ഫണ്ട് മുഖേന ചെറിയ നഗരങ്ങളിലെ സ്റ്റാർട്ടപ്പുകൾക്ക് മൂലധനം, മെന്റർഷിപ്, നിക്ഷേപക ശൃംഖലകളിലേക്കുള്ള പ്രവേശനം എന്നിവ നൽകും. അതേസമയം എലിവേറ്റ് ബിയോണ്ട് ബംഗളൂരു ടയർ-2, ടയർ-3 കേന്ദ്രങ്ങളിലെ സംരംഭക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ദീർഘകാല പദ്ധതികളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കായി 500 കോടിയുടെ ‘ഫണ്ട് ഓഫ് ഫണ്ട്’ നയവും മന്ത്രി നിർദേശിച്ചു. മൈസൂർ, മംഗളൂരു, തുമകൂരു, ഹുബ്ബള്ളി-ധാർവാഡ്, കലബുറഗി, ശിവമൊഗ്ഗ എന്നിവിടങ്ങളിൽ ഗ്രോത്ത് ലാബുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. നവീകരണ രംഗത്ത് കർണാടകയെ മുൻനിരയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

