വോട്ടുമോഷണം; അന്വേഷണത്തിന് നിയമസാധ്യത തേടി കർണാടക സർക്കാർ
text_fieldsബംഗളൂരു: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുര മണ്ഡലത്തിൽ നടന്ന വോട്ട് ക്രമക്കേടുസംബന്ധിച്ച് അന്വേഷണത്തിന് നിയമസാധ്യത തേടിയതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ശനിയാഴ്ച മൈസൂരുവിൽ വാർത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച ബംഗളൂരുവിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘വോട്ട് അധികാർ റാലി’യിൽ സംസാരിക്കവെ, വിഷയത്തിൽ കർണാടക സർക്കാർ അന്വേഷണം നടത്തണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ച് നിയമവകുപ്പിന് നിർദേശം നൽകിയതായി സിദ്ധരാമയ്യ പറഞ്ഞു. എന്ത് നടപടിയാണ് സാധ്യമാവുകയെന്ന് പരിശോധിക്കും. അതനുസരിച്ച് സർക്കാർ നിയമനടപടി കൈക്കൊള്ളുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം, വോട്ടിങ് ക്രമക്കേട് സംബന്ധിച്ച ആരോപണത്തിൽ, പോളിങ് പ്രക്രിയക്ക് ഉദ്യോഗസ്ഥരെ നിശ്ചയിച്ചത് കോൺഗ്രസ് സർക്കാറായിരുന്നെന്ന ബി.ജെ.പി വിമർശനത്തോട് പ്രതികരിച്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ‘ഉദ്യോഗസ്ഥർ ഞങ്ങളുടേതാവാം എന്നാൽ വോട്ടെടുപ്പ് സംബന്ധിച്ച വിഷയങ്ങൾ നിയന്ത്രിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷനാണെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

