എൻഡോസൾഫാൻ ദുരിത മേഖലയിൽ മെഡിക്കൽ കോളജ് പ്രഖ്യാപിച്ച് കർണാടക സർക്കാർ
text_fieldsഅശോക് കുമാർ റൈ എം.എൽ.എ (ഇൻസെറ്റിൽ)
മംഗളൂരു: എൻഡോസൾഫാൻ ദുരിത ബാധിതർ ഏറെയുള്ള ദക്ഷിണ കന്നട ജില്ലയിലെ പുത്തൂരിൽ കർണാടക സർക്കാർ ഗവ. മെഡിക്കൽ കോളജ് സ്ഥാപിക്കും. വെള്ളിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി. 2013 നവംബർ 30ന് അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയെങ്കിലും ഇതുവരെ യാഥാർഥ്യമാകാത്ത ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജ് സൈറ്റിൽനിന്ന് 30 കിലോമീറ്റർ അരികെയാണ് കർണാടക ഗവ. മെഡിക്കൽ കോളജ് സ്ഥാപിക്കുന്ന പുത്തൂർ.
കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഇരകളുള്ള എൻമകജെയും പുത്തൂരും വളരെ അടുത്ത് നിൽക്കുന്നു. 2013 മേയ് 20 മുതൽ 2016 ജൂൺ 20 വരെ കർണാടക ആരോഗ്യ മന്ത്രിയായിരുന്ന നിയമസഭ സ്പീക്കർ യു.ടി. ഖാദർ 2014ൽ പ്രഖ്യാപിച്ചെങ്കിലും പ്രാവർത്തികമാകാത്ത പദ്ധതി കൂടിയാണ് ദക്ഷിണ കന്നട ജില്ലയിൽ ഗവ. മെഡിക്കൽ കോളജ്. മംഗളൂരു ഗവ. വെന്റ് ലോക് ആശുപത്രിയിലെ ക്ലിനിക്കൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ നിന്ന് കസ്തൂർബ മെഡിക്കൽ കോളജിനെ ഒഴിവാക്കി ഗവ. മെഡിക്കൽ കോളജ് തുടങ്ങാനുള്ള പദ്ധതിയായിരുന്നു ആരോഗ്യ മന്ത്രി ഖാദറിന്റെത്.
ബ്രിട്ടീഷ് ഭരണത്തിൽ ദക്ഷിണ കാനറ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ കാലത്തുണ്ടാക്കിയ കരാറിന്റെ ബലത്തിലാണ് വെന്റ് ലോക് ആശുപത്രി സൗകര്യങ്ങൾ കെ.എം.സി ഉപയോഗിക്കുന്നത്. ഈ സ്വകാര്യ മെഡിക്കൽ കോളജിനെ ഒഴിവാക്കാൻ ഖാദർ നടത്തിയ ശ്രമങ്ങൾക്ക് അന്നത്തെ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ എ.ബി. ഇബ്രാഹീമിന്റെ പൂർണ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ, ഖാദറിൽനിന്ന് ആരോഗ്യ വകുപ്പ് എടുത്തുമാറ്റി പകരം ഭക്ഷ്യ-പൊതുവിതരണ ചുമതല നൽകുകയും ജില്ല കലക്ടറെ സ്ഥലം മാറ്റുകയും ചെയ്തതോടെ ഖാദറിന്റെ മോഹ പദ്ധതി മോർച്ചറിയിലായി.
പുത്തൂർ മണ്ഡലം കോൺഗ്രസ് എം.എൽ.എ അശോക് കുമാർ റൈയുടെ ശ്രമങ്ങളാണിപ്പോൾ വിജയം കണ്ടത്. സ്വകാര്യ മെഡിക്കൽ കോളജുകളുടെ വിളനിലമായ ദക്ഷിണ കന്നട ജില്ലയിൽ ഗവ. മെഡിക്കൽ കോളജ് പഠന, ആതുര സേവന മേഖലകളിൽ പുതിയ അധ്യായം തുറക്കും. കേരളത്തിൽ എൻഡോസൾഫാൻ ദുരിത മേഖലയായ എൻമകജെ വാണി നഗർ ഭാഗങ്ങളിലെ രോഗികൾ കർണാടക പുത്തൂർ ഗവ. ആശുപത്രിയെയാണ് ആശ്രയിച്ചുപോരുന്നത്. മെഡിക്കൽ കോളജ് വരുന്നതോടെ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ അരികെയെത്തും. പുത്തൂർ താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള 100 കിടക്ക സൗകര്യങ്ങൾ നവീകരണം നടത്തി മെഡിക്കൽ കോളജ് പ്രാരംഭ പ്രവർത്തനം ഈ വർഷംതന്നെ ആരംഭിക്കാനാണ് കർണാടക പദ്ധതി. മംഗളൂരുവിലെ വെൻലോക്ക് ആശുപത്രി നവീകരണത്തിനും ബജറ്റിൽ ഫണ്ട് നീക്കിവെച്ചു. സ്പീക്കർ യു.ടി. ഖാദർ പ്രതിനിധാനം ചെയ്യുന്ന മംഗളൂരു മണ്ഡലത്തിലെ ഉള്ളാളിൽ ന്യൂനപക്ഷ പെൺകുട്ടികൾക്കായി റെസിഡൻഷ്യൽ സൗകര്യങ്ങളുള്ള പ്രീ-യൂനിവേഴ്സിറ്റി കോളജ് സ്ഥാപിക്കാൻ ബജറ്റിൽ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

