ഹേമ കമ്മിറ്റി മോഡൽ സാൻഡൽവുഡിലും; യോഗം വിളിച്ച് കെ.എഫ്.സി.സി
text_fieldsബംഗളൂരു: കന്നട സിനിമ മേഖലയിൽ വനിതകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളും മറ്റു അധിക്ഷേപങ്ങളും ചർച്ച ചെയ്യാൻ വനിത കലാകാരികളുടെ മീറ്റിങ് വിളിച്ച് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ്.
കർണാടക വനിത കമീഷൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മീറ്റങ്ങെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എൻ.എം. സുരേഷ് പറഞ്ഞിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് തുടർ നടപടികളെടുക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ ഈ മീറ്റിങ് ഉപകരിക്കുമെന്ന് അംഗങ്ങൾ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാലിറ്റി കർണാടക അംഗങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് സമാന കമ്മിറ്റി സാൻഡൽവുഡിലും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സാൻഡൽവുഡിലും ഹേമ കമ്മിറ്റി മോഡൽ കൊണ്ടുവരാൻ കർണാടക സർക്കാർ തീരുമാനിക്കുകയാണെങ്കിൽ തങ്ങൾ സ്വാഗതം ചെയ്യുമെന്ന് എൻ.എം. സുരേഷ് പറഞ്ഞു.

