Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ എഥനോൾ വിഷയത്തിൽ രാഷ്ട്രീയപ്പോര്

text_fields
bookmark_border
കർണാടകയിൽ എഥനോൾ വിഷയത്തിൽ രാഷ്ട്രീയപ്പോര്
cancel

കോൺഗ്രസ് പ്രീണന രാഷ്ട്രീയം കളിക്കുന്നു -പ്രഹ്ലാദ് ജോഷി

ബംഗളൂരു: പാർട്ടി നേതാവ് രാഹുൽ ഗാന്ധിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ കലർത്തുന്ന വിഷയം കോൺഗ്രസ് ഉന്നയിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആരോപിച്ചു. വിഷയത്തിൽ കേന്ദ്രം ഇതിനകം വിശദീകരണം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് സർക്കാർ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്. കൂടാതെ സംസ്ഥാനം നടത്തിയ പരിശോധനയിൽ പിഴവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കർഷകർക്ക് പ്രയോജനം ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെ ഇന്ത്യ ആശ്രയിക്കുന്നത് കുറക്കുന്നതിനുമാണ് എഥനോള്‍ മിശ്രിതം ഉപയോഗിക്കുന്നത്. പെട്രോളിന്‍റെ അടിസ്ഥാന വില 53 രൂപയാണ്. അതേസമയം ചോളത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എഥനോളിന്‍റെ വില 57 രൂപക്കും 71 രൂപക്കും ഇടയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആര്‍), ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിന്‍റെ പ്രതിഷേധങ്ങളെ ജോഷി ചോദ്യം ചെയ്തു. ഈ വിഷയങ്ങളിൽ പൊതുജന പിന്തുണ ലഭിക്കാത്തതിനാലാണ് പാർട്ടി എഥനോൾ വിഷയം ഉന്നയിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പെട്രോളും ഡീസലും പരിശോധിക്കാൻ പ്രത്യേക ഉപകരണങ്ങളും നിയുക്ത ലബോറട്ടറികളും ആവശ്യമാണ്. 2005ൽ യു.പി.എ സർക്കാറിന്‍റെ കാലത്ത് പെട്രോളിയം ആൻഡ് ഡീസൽ ഓർഡർ പ്രകാരം നിയുക്ത ലബോറട്ടറികളുടെയും പ്രത്യേക പരിശോധന ഉപകരണങ്ങളുടെയും സംവിധാനം അവതരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. കേന്ദ്രം ഇതിനകം നൽകിയ പരിശോധനാ ഫലങ്ങൾ സംസ്ഥാനം പരിശോധിച്ച് ബാക്കിയുള്ള വിവരങ്ങൾ പരസ്യമാക്കണമെന്നും ജോഷി പറഞ്ഞു. കര്‍ണാടക സര്‍ക്കാറിന് ചർച്ച നടത്താൻ താൽപര്യമുണ്ടെങ്കിൽ അതിനായി ഉദ്യോഗസ്ഥനെ അയക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം -ഡി.കെ. ശിവകുമാർ

മൈസൂരു: പെട്രോളിൽ എഥനോൾ കലർത്തുന്നത് മൂലം രാജ്യത്തുടനീളമുള്ള വാഹനങ്ങൾക്ക് മൈലേജ് കുറയുകയും എൻജിനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്ന പ്രശ്നത്തിൽ കേന്ദ്ര സർക്കാറിനെ ചോദ്യം ചെയ്ത് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. പെട്രോളിൽ എഥനോൾ കലർത്തുന്നത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രതിപക്ഷം ആശങ്കയുയർത്തണമെന്ന് വിലക്കയറ്റത്തിനെതിരെ ബംഗളൂരുവിൽ ബി.ജെ.പി നടത്തുന്ന പ്രതിഷേധത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

വിതരണം ചെയ്യുന്ന ഇന്ധനത്തിന്‍റെ ഉറവിടവും ഗുണനിലവാരവും പരിശോധിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർദേശിക്കപ്പെട്ടിട്ടുള്ള 20 ശതമാനത്തിന് പകരം ഏഴു ജില്ലകളിൽ നിന്ന് ശേഖരിച്ച ഇ 20 പെട്രോൾ സാമ്പിളുകളിൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച കർണാടക സർക്കാർ വെളിപ്പെടുത്തിയതോടെയാണ് വിവാദം ഉടലെടുത്തത്. 67 സ്ഥലങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ സാമ്പിളുകൾ ശേഖരിക്കുകയും വിഷയം കേന്ദ്ര സർക്കാറിന്‍റെയും ബന്ധപ്പെട്ട അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു.

വിഷയം സമഗ്രമായി പരിശോധിക്കുകയും ചെയ്തുവരികയാണ്. ഇതൊരു ഒറ്റപ്പെട്ട പ്രശ്നമല്ലെന്നും രാജ്യത്തുടനീളമുള്ള വാഹന ഉടമകളെ ബാധിക്കുന്ന വിഷയമാണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. ഇത്തരം മായം ചേർക്കലിന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനം ശേഖരിച്ച സാമ്പിളുകളിലെ കണ്ടെത്തലുകൾക്ക് കേന്ദ്ര സര്‍ക്കാര്‍ ആദ്യം മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കർണാടകയുടെ എതിർപ്പ് ജനങ്ങളെ വഞ്ചിക്കുന്നതിൽ -മന്ത്രി റിസ്വാന്‍ അർഷാദ്

ബംഗളൂരു: പെട്രോളില്‍ എഥനോൾ മിശ്രിതം ചേര്‍ക്കുന്നതിന് എതിരല്ലയെന്നും ജനങ്ങളെ വഞ്ചിക്കുന്നതിനെയാണ് കർണാടക സര്‍ക്കാര്‍ എതിർക്കുന്നതെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി മന്ത്രി റിസ്വാന്‍ അർഷാദ്. 26 മുതല്‍ 31 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോൾ ഇ 20 ആയി വിൽക്കുമ്പോൾ സാധാരണക്കാർക്ക് വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒ.എം.സിയുടെ ഇൻ-ഹൗസ് ലബോറട്ടറികളിൽ 63 സാമ്പിളുകൾ സമർപ്പിച്ചപ്പോൾ അതില്‍ ഒന്നില്‍ പോലും യഥാർഥ അളവിലല്ല എഥനോൾ ചേര്‍ത്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ കണ്ടെത്തലുകളെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെങ്കില്‍ പകരം സുതാര്യവും സ്വതന്ത്രവുമായ പരിശോധനാ ചട്ടക്കൂട് സ്ഥാപിക്കുക എന്നതാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളും സര്‍ക്കാറും വിഡ്ഢികളല്ല. വ്യക്തിപരമായ ആക്രമണങ്ങൾ ശാസ്ത്രീയ തെളിവുകൾക്കോ സാധാരണ പൗരന്മാരുടെ ന്യായമായ ആശങ്കകൾക്കുള്ള ഉത്തരങ്ങൾക്കോ പകരമാകില്ലെന്നും റിസ്വാന്‍ അർഷാദ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karnataka Ethanol Row Sparks Political Clash
Next Story