സംസ്ഥാനത്ത് വരൾച്ച; കേന്ദ്രത്തോട് ആശ്വാസ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
text_fieldsഡി.കെ. ശിവകുമാർ
ബംഗളൂരു: സംസ്ഥാനത്ത് രൂക്ഷമായ വരൾച്ച കാരണം കർഷകരും പൊതുജനങ്ങളും കടുത്ത ദുരിതത്തിലാണെന്നും കേന്ദ്ര സർക്കാർ എൻ.ഡി.ആർ.എഫ് മാനദണ്ഡങ്ങൾ അനുസരിച്ച് 3,705.30 കോടി രൂപയുടെ ആശ്വാസ ധനസഹായം അടിയന്തരമായി അനുവദിക്കണമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വരൾച്ചാ സാഹചര്യം വിലയിരുത്താനായി മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി അജിത് കുമാർ സാഹുവിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്ര മധ്യസ്ഥ വിലയിരുത്തൽ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്. കേന്ദ്ര ദുരന്തനിവാരണ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ശാസ്ത്രീയമായ വിലയിരുത്തലിനൊടുവിൽ, കർണാടകയിലെ 240 താലൂക്കുകളിൽ 217 എണ്ണവും വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കർഷകർ പ്രതിസന്ധിയിലായാൽ ഭരണസംവിധാനം മുഴുവന്‍ സ്തംഭിക്കും. അതിനാൽ കർണാടകയിലെ കർഷകരെ സഹായിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവരണമെന്നും ശിവകുമാർ പറഞ്ഞു. തന്‍റെയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെയും നാല് പതിറ്റാണ്ട് നീണ്ട പൊതുജീവിതത്തിൽ ജനങ്ങൾ ഇത്തരമൊരു കടുത്ത ദുരിതം നേരിടുന്നത് ഇതാദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനപ്രതിനിധികളുടെയും കർഷകരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തതായും, 150-ലധികം എം.എൽ.എമാർ തങ്ങളുടെ മണ്ഡലങ്ങളിലെ രൂക്ഷമായ സ്ഥിതിവിശേഷം ഉന്നയിച്ചതായും അദ്ദേഹം അറിയിച്ചു. കൃഷ്ണ നദീതടത്തിലൊഴികെ സംസ്ഥാനത്തെ ജലാശയങ്ങളിലേക്കുള്ള ജലത്തിന്‍റെവരവ് വളരെ കുറവാണ്. മലനാട്, തീരദേശ മേഖലകളിലും മഴയുടെ ലഭ്യതയിൽ വൻ കുറവുണ്ടായിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോഴും കാവേരി നദിയിലേക്ക് വെള്ളം തുറന്നുവിടാൻ കാവേരി വാട്ടർ മാനേജ്‌മെന്‍റ് അതോറിറ്റി നിർദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാർ കർഷകർക്കായി 2,500 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിൽ നിന്ന് വലിയ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു. മന്ത്രിമാർ ജില്ലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കരിമ്പ് കർഷകർ ഉയർന്ന വില ആവശ്യപ്പെടുമ്പോൾ ക്ഷീരകർഷകർ പാൽ വിലയിൽ കുറഞ്ഞത് 10 രൂപയുടെ വർധനവാണ് ആവശ്യപ്പെടുന്നത്. ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുപ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മുഖ്യമന്ത്രിയുടെ അഭ്യർത്ഥനക്ക് മറുപടിയായി, കേന്ദ്രസംഘം മൂന്ന് ദിവസം സംസ്ഥാനത്ത് പര്യടനം നടത്തി ജനങ്ങളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷം നിഷ്പക്ഷമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംഘത്തലവൻ അജിത് കുമാർ സാഹു ഉറപ്പുനൽകി. ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ചീഫ് സെക്രട്ടറി ശാലിനി രജനീഷ് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

