അനധികൃതമായി താമസിച്ച 200 ബംഗ്ലാദേശികളെ നാടുകടത്തി -കര്‍ണാടക ആഭ്യന്തര മന്ത്രി
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: കര്‍ണാടകയില്‍ അനധികൃതമായി താമസിച്ച 200 ബംഗ്ലാദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര. കുടിയേറ്റക്കാര്‍ മിക്കവരും സംസ്ഥാനത്ത് നിർമാണ തൊഴിലാളികളായി ജോലി ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാടുകടത്തല്‍.
സംസ്ഥാനത്ത് അനധികൃതമായി താമസിച്ച് വരുന്നവരെ കണ്ടെത്തിയാല്‍ ഉടന്‍ നാടുകടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമല്ല ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണെന്നും അദ്ദേഹം ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. ഫോറിനേഴ്സ് റീജ്യനല്‍ രജിസ്ട്രേഷന് ഓഫിസ് ഉദ്യോഗസ്ഥര്‍ (എഫ്. ആര്.ആര്.ഒ) അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പൊലീസിനെ വിവരമറിയിക്കും. എഫ്. ആര്.ആര്.ഒ നിർമാണ തൊഴിലാളികളെ നിരീക്ഷിച്ചുവരികയാണ്.
അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവരെ കസ്റ്റഡിയിലെടുത്ത് നാടുകടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃത കുടിയേറ്റക്കാരോട് സര്‍ക്കാറിന് മൃദു സമീപനമില്ല. കോണ്‍ഗ്രസ് വോട്ട് ബാങ്കുകളായി അനധികൃത കുടിയേറ്റക്കാരെ ഉപയോഗിക്കുന്നുവെന്ന ആരോപണം തള്ളിയ ആഭ്യന്തരമന്ത്രി, കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അനധികൃത കുടിയേറ്റക്കാരുടെ വോട്ട് തേടേണ്ട സാഹചര്യം വന്നിട്ടില്ലെന്ന് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

