കർണാടക കോൺഗ്രസ് നേതാവിനെ മഹാരാഷ്ട്ര പൊലീസ് മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തു
text_fieldsബംഗളൂരു: മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കർണാടകയിലെ കോൺഗ്രസ് നേതാവിനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. കലബുറഗി സൗത്ത് ബ്ലോക്ക് കോൺഗ്രസ് യൂനിറ്റ് പ്രസിഡന്റ് ലിംഗരാജ് കന്നിയെയാണ് താനെ പൊലീസ് അറസ്റ്റ് ചെയ്തത്. താനെ നഗരത്തിൽ മയക്കുമരുന്ന് കൈവശം വെക്കുകയും വിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 120 കുപ്പികളുള്ള നിരോധിത കൊഡീൻ അധിഷ്ഠിത സിറപ്പും ഇയാളിൽ നിന്ന് കണ്ടെത്തി.
ബസാർപേത്ത് പൊലീസ് സ്റ്റേഷനിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ.ടി,ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ, കോൺഗ്രസ് എം.എൽ.എ അല്ലമപ്രഭു പാട്ടീൽ എന്നിവരുടെ അടുത്ത സഹായിയാണ് കന്നിയെന്ന് പറയുന്നു. കന്നിയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ഉടൻ പ്രാബല്യത്തോടെ പുറത്താക്കിയതായി കലബുറഗി ജില്ല കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. അതേസമയം കലബുറഗി ജില്ല ചുമതലയുള്ള മന്ത്രിയും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെക്കെതിരെ കടുത്ത വിമർശവുമായി ബി.ജെ.പി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

