സതീഷ് ജാര്‍ക്കി ഹോളിയുടെ അത്താഴ വിരുന്നില്‍ സിദ്ധരാമയ്യ പങ്കെടുത്തു
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി സതീഷ് ജാർക്കിഹോളി
ബംഗളൂരു: മന്ത്രി സതീഷ് ജാർക്കിഹോളി സംഘടിപ്പിച്ച അത്താഴവിരുന്നിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും നിയമസഭാംഗങ്ങളും പങ്കെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ അധികാര തർക്കം തുടരുന്നതിനിടെ സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ജാർക്കിഹോളിയുടെ വസതിയിൽ നടന്ന അത്താഴവിരുന്ന് അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കി.
മന്ത്രിമാരായ ജി. പരമേശ്വര, എച്ച്.സി. മഹാദേവപ്പ, ബി.ഇസെഡ്. സമീർ അഹമ്മദ് ഖാൻ, എം.സി. സുധാകർ, എ.എസ്. പൊന്നണ്ണ എം.എൽ.എ എന്നിവർ വിരുന്നില്‍ പങ്കെടുത്തു. ബെളഗാവിയില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും 30ലധികം കോൺഗ്രസ് നിയമസഭാംഗങ്ങളും നടത്തിയ അത്താഴ വിരുന്നിന് ഒരാഴ്ചക്ക് ശേഷമാണ് ഈ അത്താഴവിരുന്ന് എന്നതും ശ്രദ്ധേയമാണ്. സാധാരണ രീതിയിലുള്ള കൂടിച്ചേരല്‍ ആണെന്ന് ഒരു വിഭാഗം ആളുകളും എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാന്‍ നടത്തിയ കൂടിച്ചേരല്‍ ആണെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെട്ടു.
നവംബർ 20ന് കോൺഗ്രസ് സർക്കാർ അഞ്ച് വർഷത്തെ കാലാവധിയുടെ പകുതി പൂർത്തിയാക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത് മുഖ്യമന്ത്രിയെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെ ഭരണകക്ഷിക്കുള്ളിലെ അധികാര തർക്കം രൂക്ഷമാണ്. 2023ൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുണ്ടാക്കിയെന്നു പറയുന്ന ‘അധികാര പങ്കിടൽ’ കരാറാണ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. എങ്കിലും ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടുത്തിടെ പരസ്പരം വസതികളിൽ സന്ദര്‍ശനം നടത്തുകയും പ്രഭാതഭക്ഷണ യോഗങ്ങൾ നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

