കർണാടക സി.ഇ.ടി ഇന്ന് ; 3.3 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടക പരീക്ഷാ അതോറിറ്റി വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തുന്ന പൊതു പ്രവേശന പരീക്ഷ (സി.ഇ.ടി) പരീക്ഷയില്‍ 1,44,380 ആൺകുട്ടികളും 1,86,099 പെൺകുട്ടികളും അടക്കം 3,30,479 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ഓരോ പരീക്ഷാ കേന്ദ്രത്തിലും ഡ്രസ് കോഡ് ഓഫിസറെ നിയമിക്കും.
ഇതിനായി സംസ്ഥാനത്തുടനീളം 745 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പെണ് കുട്ടികള്‍ ഹാഫ് സ്ലീവ് വസ്ത്രങ്ങൾ, കോളർ ഇല്ലാത്ത വസ്ത്രങ്ങൾ എന്നിവ ധരിക്കണം. ആൺകുട്ടികൾക്ക് കുറഞ്ഞ പോക്കറ്റുകളുള്ള പാന്റ്സ് ധരിക്കാം. കുർത്ത, പൈജാമ, ജീൻസ്, ഷൂസ് എന്നിവ നിരോധിച്ചിട്ടുണ്ട്. മൊബൈൽ ഫോണുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, ഇയർഫോണുകൾ, മൈക്രോഫോണുകൾ തുടങ്ങി എല്ലാ വിധത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കർശനമായി നിരോധിച്ചിരിക്കുന്നു. വിദ്യാര്‍ഥികള്‍ പരീക്ഷ ഹാളില്‍ വരുന്നതിന് മുമ്പ് കെ.ഇ.എ. വെബ്സൈറ്റിലെ ഡ്രസ് കോഡ് നിർദേശങ്ങൾ ശ്രദ്ധാപൂർവം വായിക്കണമെന്ന് കെ.ഇ.എ. അധികൃതര്‍ അറിയിച്ചു.
എൻജിനീയറിങ്, അഗ്രികള്‍ചറല്‍ സയന്‍സ്, വെറ്ററിനറി സയൻസ് തുടങ്ങിയ പ്രഫഷനൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് സി.ഇ.ടി. നടത്തുന്നത്. ഭൗതികശാസ്ത്രം, രസതന്ത്രം പരീക്ഷകൾ വ്യാഴാഴ്ചയും ഗണിതശാസ്ത്രം, ജീവശാസ്ത്രം എന്നിവ വെള്ളിയാഴ്ചയും നടക്കും.
പരീക്ഷാ ഹാളുകളിൽ ക്രമക്കേടുകൾ തടയുന്നതിന് സി.സി.ടി.വി കാമറ നിരീക്ഷണമുള്പ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെബ്കാസ്റ്റിങ് വഴി 745 കേന്ദ്രങ്ങളും നിരീക്ഷിക്കും. ജില്ലാ തലത്തിൽ ജില്ല കമീഷണർമാരും ജില്ല പഞ്ചായത്ത് സി.ഇ.ഒമാരും ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും. ബംഗളൂരുവിൽ 163 കേന്ദ്രങ്ങളിലായി 77,604 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. പരീക്ഷാർഥികൾ പരീക്ഷക്ക് രണ്ട് മണിക്കൂർ മുമ്പെങ്കിലും സെന്ററില്‍ എത്തണം. ശ്രവണസഹായികൾ ഉപയോഗിക്കുന്നവർ പരിശോധനക്കായി രണ്ട് മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം.
ആൾമാറാട്ടം തടയാൻ മുഖം തിരിച്ചറിയൽ, ക്യു.ആർ കോഡ് പരിശോധനാ എന്നിവ നടത്തും. അഡ്മിറ്റ് കാർഡ്, രേഖകളും അപേക്ഷാ ഫോറത്തിന്റെയും ഫീസ് രസീതിന്റെയും കോപ്പികള്‍ കൈവശംവെക്കുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

