37 വർഷങ്ങൾക്ക് ശേഷം കര്‍ണാടകയില്‍ കലാലയ രാഷ്ട്രീയം തിരിച്ചു വരുന്നു
text_fieldsമന്ത്രി ബസവരാജ് രായറെഡ്ഡി
ബംഗളൂരു: കർണാടകയിലെ കോളജുകളിലും സർവകലാശാലകളിലും വിദ്യാര്‍ഥി യൂനിയൻ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. 1990-ൽ വീരേന്ദ്ര പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ വിദ്യാര്‍ഥി തെരഞ്ഞെടുപ്പ് നിരോധിച്ചതിനുശേഷം 37 വർഷത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കുന്നത്. ആദ്യ ഘട്ടത്തിൽ, കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിന്‍റെ അധികാരപരിധിയിൽ വരുന്ന സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. യൂനിയൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആറ് അംഗങ്ങളുണ്ടാകും.
മിക്സഡ് കോളജുകളിൽ രണ്ട് സീറ്റ് വിദ്യാര്‍ഥിനികള്‍ക്കായി സംവരണം ചെയ്യണം. കമ്മിറ്റിയിൽ ഒരു പ്രസിഡന്‍റ്, രണ്ട് വൈസ് പ്രസിഡന്‍റുമാർ (ഒരു വിദ്യാര്‍ഥിനി), രണ്ട് ജനറൽ സെക്രട്ടറിമാർ, രണ്ട് ജോയന്‍റ് സെക്രട്ടറിമാർ (ഒരു വിദ്യാര്‍ഥിനി) എന്നിവരുണ്ടാകും. രണ്ട് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. വിദ്യാര്‍ഥി യൂനിയൻ തെരഞ്ഞെടുപ്പുകളിൽ പോസ്റ്ററുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.
എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജുകളിലും ഉന്നത വിദ്യാഭ്യാസം, കൊളീജിയറ്റ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം, ഹോർട്ടികൾച്ചർ എന്നീ വകുപ്പുകളുടെ അധികാരപരിധിയിൽ വരുന്ന സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലും വിദ്യാര്‍ഥി തെരഞ്ഞെടുപ്പ് നടത്തണം. അധ്യയന വർഷം ആരംഭിച്ച് അഞ്ച് ആഴ്ചകൾക്കുള്ളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുകയും പ്രക്രിയ ആരംഭിച്ച് 10 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുകയും വേണം.
A5 വലുപ്പത്തിലുള്ള ലഘുലേഖകൾ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളൂ. ഏതെങ്കിലും തരത്തിലുള്ള പോസ്റ്ററുകളുടെയോ ബാനറുകളുടെയോ ഉപയോഗം പൂർണമായും നിരോധിച്ചിരിക്കുന്നു. പ്രചാരണത്തിനായി സോഷ്യൽ മീഡിയ ഉപയോഗിക്കാം. എന്നാൽ വിദ്യാര്‍ഥികൾക്കിടയിൽ വിദ്വേഷം, അസൂയ,വര്‍ഗ്ഗീയത എന്നിവ ഉണർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ ഉപയോഗിക്കരുത്. സ്ഥാനാർഥികള്‍ക്ക് മുന്‍ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം ഹാജർ ഉണ്ടാവണം. ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവര്‍ ആയിരിക്കണം. ഇത് സംബന്ധിച്ച് കർണാടക സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിലെ വിദ്യാര്‍ഥി സംഘടനകൾ, ഫാക്കൽറ്റി അംഗങ്ങൾ, സ്വകാര്യ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി പറഞ്ഞു.
തെരഞ്ഞെടുപ്പ് ക്രമാനുഗതമായും ആശയക്കുഴപ്പമില്ലാതെയും നടത്താൻ വകുപ്പ് എല്ലാ നടപടികളും സ്വീകരിക്കും. വിദ്യാര്‍ഥികളിൽ നേതൃത്വബോധവും ഉത്തരവാദിത്തബോധവും വളർത്തിയെടുക്കുകയും വിദ്യാര്‍ഥികളുടെ ആശങ്കകൾ ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള ഒരു പാലമായി ഇത് പ്രവര്‍ത്തിക്കും. വിഭാഗീയതയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളും അനുവദിക്കില്ല. ഭാവിയിലെ രാഷ്ട്രീയ നേതാക്കളെ വളർത്തിയെടുക്കുക എന്നതാണ് സംരംഭത്തിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

