‘കരിയ’ വിളിയിൽ കരിയുമോ കോൺഗ്രസ് പ്രതീക്ഷകൾ
text_fieldsസമീർ അഹമ്മദ് ഖാൻ, റഹിം ഖാൻ, കുമാര സ്വാമി, ഡോ. ജി. പരമേശ്വര
ബംഗളൂരു: ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിൽ പ്രചാരണച്ചൂടിൽ പൊരിഞ്ഞത് ചന്നപട്ടണയായിരുന്നു. കോൺഗ്രസിന് വേണ്ടി കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സി.പി. യോഗേശ്വറിനു വേണ്ടി ഇറങ്ങിക്കളിച്ച മണ്ഡലം. മറുപക്ഷത്താവട്ടെ മകൻ നിഖിൽ കുമാര സ്വാമിയെ തനിക്ക് പകരം നിയമസഭയിൽ എത്തിക്കാനുള്ള നിശ്ചയദാർഢ്യത്തോടെ കേന്ദ്ര ഉരുക്ക്-വൻകിട വ്യവസായ മന്ത്രിയും ജെ.ഡി.എസ് കർണാടക അധ്യക്ഷനുമായ എച്ച്.ഡി. കുമാര സ്വാമിയും പ്രചാരണം കൈയടക്കി.
മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ കോൺഗ്രസ് നേതാക്കളും നിഖിലിനുവേണ്ടി മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മുൻ മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പ അടക്കം എൻ.ഡി.എ നേതാക്കളും അണിനിരന്നു.
രാഷ്ട്രീയവും വികസന വിഷയങ്ങളും ഇരുപക്ഷവും പയറ്റിയ പ്രചാരണങ്ങൾക്കിടയിലായിരുന്നു ഇടിത്തീ പോലെ മന്ത്രി ബി.ഇസെഡ്. സമീർ അഹ്മദ് ഖാന്റെ പരിഹാസ പരാമർശം. എച്ച്.ഡി. കുമാര സ്വാമിയുടെ തൊലിനിറം സൂചിപ്പിച്ച് കറുത്തവൻ എന്ന് അർഥമുള്ള ‘കരിയ’ എന്ന കന്നട പദം ഉപയോഗിച്ചായിരുന്നു അഹ്മദ് ഖാൻ ചന്നപട്ടണയിൽ കുമാര സ്വാമിയെ അധിക്ഷേപിച്ചിരുന്നത്. ഖാന്റെ അധിക്ഷേപം മോശമായിപ്പോയെന്ന കോൺഗ്രസ് നിലപാട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വെള്ളിയാഴ്ച ആവർത്തിച്ചു.
‘‘സമീർ ഖാൻ ഉൾപ്പെട്ട കോൺഗ്രസ് പാർട്ടി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ ഞാൻ പറയുന്നു, ആ പദപ്രയോഗം തെറ്റായിപ്പോയി. ധനസ്ഥിതിയോ സമാന വിഷയങ്ങളോ മുൻനിർത്തി പറയുന്നത് പോലെയല്ല, ഒരു വ്യക്തിയുടെ തൊലിയുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം’’ -ശിവകുമാർ ഉത്തര കന്നട ജില്ലയിലെ മരുഡേശ്വരയിൽ മാധ്യമങ്ങളോട് പറഞ്ഞു. ആ പ്രയോഗത്തിൽ സമീർ അഹ്മദ് ഖാൻ ഖേദം പ്രകടിപ്പിച്ചതായും അദ്ദേഹം പാർട്ടിക്ക് അർപ്പിച്ച സംഭാവനകൾ വലുതാണെന്നും കൂട്ടിച്ചേർക്കുകയും ചെയ്തു. സമീർ അഹ്മദ് ഖാന്റെ പരിഹാസം ഗൗഡ കുടുംബത്തെ രാഷ്ട്രീയാതീതമായി ആദരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെ വോട്ടർമാരെ സ്വാധീനിച്ചേക്കാം എന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. വിജയം ഉറപ്പിച്ച മണ്ഡലത്തിൽ പരാജയം സംഭവിച്ചാൽ സമീർ ഖാൻ അതിന് കടുത്ത വില നൽകേണ്ടി വരും. അച്ചടക്ക നടപടി ഉണ്ടാവുമെന്നാണ് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞത്. അച്ചടക്ക സമിതി ചെയർമാൻ മന്ത്രി റഹിം ഖാന്റെ കോർട്ടിലാണ് പന്ത്. കുമാര സ്വാമിയും ചില തീരുമാനങ്ങൾ മനസ്സിൽ വെക്കുന്നുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അത് അനാവരണം ചെയ്യപ്പെടും. കുമാര സ്വാമി ഉയരക്കുറവിനെ സൂചിപ്പിച്ച് തന്നെ ‘കുള്ള’ എന്ന് വിളിക്കാറുണ്ടെന്ന് വിവാദ പരിഹാസത്തിന് ശേഷം സമീർ അഹമ്മദ് ഖാൻ പറഞ്ഞിരുന്നു.
പരസ്പരം ഉൾക്കൊണ്ട് നടത്തുന്ന പ്രയോഗങ്ങൾ എന്ന് വരുത്താനുള്ള ഈ നീക്കം കുമാര സ്വാമി പ്രതിരോധിക്കുകയാണ് ചെയ്തത്. കുള്ള എന്ന് വിളിക്കുന്നത് തന്റെ സംസ്കാരം അല്ലെന്നുപറഞ്ഞ കുമാര സ്വാമി, മൂന്ന് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുമെന്നാണ് പറഞ്ഞുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

