സിദ്ധരാമയ്യയുടെ 16ാമത് ബജറ്റ്; കർണാടക ബജറ്റ് മാർച്ച് ഏഴിന് മുഖ്യമന്ത്രി അവതരിപ്പിക്കും
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: ധന വകുപ്പ് കൂടി വഹിക്കുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 2025-26 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് മാർച്ച് ഏഴിന് അവതരിപ്പിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. അദ്ദേഹം അവതരിപ്പിക്കുന്ന 16ാമത്തെ ബജറ്റാണിത്. മാർച്ച് മൂന്നിന് നിയമസഭാ സമ്മേളനം ആരംഭിക്കും. പുതുവർഷത്തിലെ ആദ്യ സമ്മേളനമായതിനാൽ മൂന്നിന് സംസ്ഥാന നിയമസഭയുടെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ഗവർണർ അഭിസംബോധന ചെയ്യും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗവർണറുടെ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ച നടക്കുമെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബജറ്റിനെക്കുറിച്ച് ചർച്ച പൂർത്തിയാക്കി മാർച്ച് അവസാനത്തോടെ താൻ മറുപടി നൽകും. സെഷൻ എത്ര (അവസാന തീയതി) നടത്തണമെന്ന് ബിസിനസ് ഉപദേശക സമിതി തീരുമാനിക്കും. തിങ്കളാഴ്ച കർഷക നേതാക്കളുമായും കർഷക സംഘടനാ പ്രതിനിധികളുമായും ബജറ്റിന് മുമ്പുള്ള കൂടിയാലോചനാ യോഗം നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. കാൽമുട്ട് വേദനക്കിടയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ ഔദ്യോഗിക വസതിയിൽ വിവിധ വകുപ്പുകളുമായി സമാനമായ ചർച്ചകൾ നടത്തി. കർഷക നേതാക്കളെ കാണാൻ വിധാൻ സൗധയിൽ താൻ എത്തി.
കർഷക നേതാക്കളും വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെച്ചു. അവ മനസ്സിൽ വെച്ചുകൊണ്ട് ബജറ്റ് തയാറാക്കും. തങ്ങളുടെ പരിമിതികൾക്കുള്ളിൽ സാധ്യമായതെല്ലാം ഉൾപ്പെടുത്തും. കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിലും കാർഷിക മേഖലയുടെ വികസനത്തെ പിന്തുണക്കുന്നതിലും സർക്കാർ ഒരിക്കലും പിന്നോട്ടുപോയിട്ടില്ല.
വിലക്കയറ്റ പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവർത്തിക്കണം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന് കൂടുതൽ ഉത്തരവാദിത്തമുണ്ട്. സംസ്ഥാന സർക്കാറിൽനിന്ന് സാധ്യമായതെല്ലാം ചെയ്യും.കർണാടകയിൽ ജൽ ജീവൻ മിഷൻ (ജെ.ജെ.എം) പദ്ധതി നടപ്പിലാക്കുന്നതിന്റെ വേഗതക്ക് അനുസൃതമായി കേന്ദ്രസർക്കാർ അതിന്റെ വിഹിതം നൽകുന്നില്ലെന്ന് സിദ്ധരാമയ്യ ആരോപിച്ചു. മെട്രോ റെയിൽ നിരക്ക് നിശ്ചയിക്കൽ സമിതിയെ നിയമിക്കുന്നത് കേന്ദ്ര സർക്കാറാണ്. കമ്മിറ്റി ഒരു സ്വയംഭരണ സ്ഥാപനമാണെങ്കിലും അതിൽ കേന്ദ്രം നിയമിക്കുന്ന രണ്ട് പ്രതിനിധികളും സംസ്ഥാന സർക്കാറിൽനിന്ന് ഒരാളുമുണ്ട്.
മെട്രോ റെയിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റേതുമാണ്. നിരക്ക് നിശ്ചയിക്കുന്നതിനുള്ള നിർദേശം നമുക്ക് (സംസ്ഥാനം) നൽകാം. പക്ഷേ നിരക്ക് നിശ്ചയിക്കൽ കമ്മിറ്റി തീരുമാനിക്കും. കമ്മിറ്റിയുടെ ചെയർമാനെയും കേന്ദ്രമാണ് നിയമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

