രോഹിത് വെമുല ആക്ട് നടപ്പാക്കാൻ കർണാടക
text_fieldsരോഹിത് വെമുല
ബംഗളൂരു: കർണാടകയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി വിവേചനം തടയുന്നതിനായി രോഹിത് വെമുല ആക്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിൽ പ്രസ്തുത നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി കർണാടക സർക്കാറിന് കത്തയച്ചതിനെ തുടർന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
മതത്തിന്റെയോ ജാതിയുടെയോ വർഗത്തിന്റെയോ പേരിൽ വിദ്യാർഥികൾ നേരിടുന്ന വിവേചനം അവസാനിപ്പിക്കാൻ കർണാടകയിൽ രോഹിത് വെമുല ആക്ട് നടപ്പാക്കാൻ കോൺഗ്രസ് സർക്കാർ ബാധ്യസ്ഥമാണെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കി. രോഹിത് വെമുല, പായൽ തദ്വി, ദർശൻ സോളങ്കി തുടങ്ങി കലാലയത്തിൽ അന്തസ്സ് അർഹിച്ചിരുന്ന നിരവധി വിദ്യാർഥികളുടെ സ്വപ്നമാണിത്. എത്രയുംവേഗം ഇതുസംബന്ധിച്ച നിയമനിർമാണം കൊണ്ടുവരും -സിദ്ധരാമയ്യ പറഞ്ഞു.
ജാതി കാരണം ക്ലാസ് മുറിയുടെ ഒരു മൂലയിൽ ഇരിക്കാൻ നിർബന്ധിതനായ അംബേദ്കറുടെ അനുഭവം കത്തിൽ ഉദ്ധരിച്ച രാഹുൽ ഗാന്ധി, ഇന്നത്തെ വിദ്യാർഥികൾക്ക് സമാനമായ അപമാനം നേരിടാതിരിക്കാൻ നിയമനിർമാണ നടപടികൾ സ്വീകരിക്കാൻ കർണാടക സർക്കാറിനോട് ആവശ്യപ്പെട്ടു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇന്നും ദലിത്, ആദിവാസി, ഒ.ബി.സി സമുദായങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഇത്തരം ക്രൂരമായ വിവേചനം നേരിടേണ്ടിവരുന്നത് ലജ്ജാകരമാണ്. അടുത്തിടെ, പാർലമെന്റിൽ ദലിത്, ആദിവാസി, ഒ.ബി.സി സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും അധ്യാപകരെയും ഞാൻ കണ്ടിരുന്നു. സംഭാഷണത്തിനിടെ, കോളജുകളിലും സർവകലാശാലകളിലും ജാതിയുടെ അടിസ്ഥാനത്തിൽ നേരിടുന്ന വിവേചനത്തെക്കുറിച്ച് അവർ വിശദീകരിച്ചു.
ഈ വിവേചനം രോഹിത് വെമുല, പായൽ തദ്വി, ദർശൻ സോളങ്കി തുടങ്ങിയവരുടെ ജീവൻ അപഹരിച്ചു. ഈ അനീതി പൂർണമായും അവസാനിപ്പിക്കേണ്ട സമയമാണിത് -രാഹുൽ ഗാന്ധി പറഞ്ഞു. ജാതി വിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ സ്മരണക്കായി അദ്ദേഹത്തിന്റെ പേരാണ് നിർദിഷ്ട രോഹിത് വെമുല ആക്ടിന് നൽകിയിട്ടുള്ളത്. 2016 ജനുവരി 17ന് ആത്മഹത്യ ചെയ്ത അദ്ദേഹം ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനത്തിനെതിരെ രാജ്യവ്യാപകമായ മുന്നേറ്റത്തിനാണ് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

