ഭീകരാക്രമണ ഭീഷണി; കർണാടക തീരങ്ങളിൽ സുരക്ഷ ശക്തമാക്കി
text_fieldsതീരങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കടലിൽ നിരീക്ഷണം നടത്തുന്നു
മംഗളൂരു: കശ്മീരിലെ പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ‘ഓപറേഷൻ സിന്ദൂർ’ പദ്ധതിയുടെ ഭാഗമായി മാൽപെ ഉൾപ്പെടെയുള്ള കർണാടക തീരത്ത് സുരക്ഷാനടപടികൾ ശക്തമാക്കി. തീരദേശ സുരക്ഷാ പൊലീസ് (സി.എസ്.പി) തീരപ്രദേശത്ത് നിരീക്ഷണം ഊർജിതമാക്കി. ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട ജില്ലകൾ ഉൾക്കൊള്ളുന്ന 324 കിലോമീറ്റർ നീളമുള്ള തീരപ്രദേശത്ത് മംഗളൂരു, മാൽപെ, കാർവാർ, കുംത, ഭട്കൽ, ഹെജാമാഡി, ഹൊന്നവർ, ബെലെക്കേരി, ഗംഗോളി എന്നിവിടങ്ങളിലെ സി.എസ്.പി സ്റ്റേഷനുകൾ ഉൾപ്പെടുന്നു. ഈ സ്റ്റേഷനുകളെല്ലാം സുരക്ഷാ ജാഗ്രത വർധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഒമ്പത് പൊലീസ് സ്റ്റേഷനുകളിലായി 340ലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചു. അതിൽ 180 പേർ പ്രത്യേകിച്ച് തീരദേശ നിയന്ത്രണ സേനയുടെ ഭാഗമാണ്. 13 ബോട്ടുകളും ജെറ്റ് സ്കീകളും ഉപയോഗിച്ച് 24 മണിക്കൂറും നിരീക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് തീരദേശ സുരക്ഷാ എസ്.പി മിഥുൻ കുമാർ അറിയിച്ചു. കടലിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ കർശനമായി പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മംഗളൂരുവിലെ പഴയ തുറമുഖ പ്രദേശത്ത് സി.എസ്.പി പട്രോൾ ബോട്ടുകൾ നിരീക്ഷണം നടത്തി. ഒപ്പം സമീപത്തുള്ള ബോട്ടുകൾ പരിശോധിക്കുന്നതിനുള്ള മോക്ക് ഓപറേഷനും നടത്തി. ഇന്ത്യൻ നാവികസേന, തീരസംരക്ഷണ സേന, തീരദേശ സുരക്ഷാ പൊലീസ് എന്നിവർ തീരപ്രദേശത്തും ആഴക്കടലിലുമുള്ള പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. തീരദേശ സേനയുടെ കപ്പലുകൾ ഇതിനകം 24 മണിക്കൂറും കടലിൽ പട്രോളിങ് നടത്തുന്നുണ്ട്.
വിദേശ കപ്പലുകളിൽ നിരീക്ഷണം ശക്തമാക്കി. ലഭ്യമായ ബോട്ടുകൾ ഉപയോഗിച്ച് തുടർച്ചയായ പട്രോളിഗ് ഷിഫ്റ്റുകളായി നടത്തുന്നുണ്ടെന്ന് മിഥുൻ കുമാർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച മാൽപെയിൽ അവലോകന യോഗം ചേർന്നു. മറ്റു ജില്ലകളിൽനിന്ന് എത്തുന്ന ബോട്ടുകൾ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ നാലു ദിവസത്തിനിടെ നാലു ബോട്ടുകൾക്ക് പിഴ ചുമത്തി. സംശയാസ്പദമായി കാണപ്പെടുന്ന ആരെയും ചോദ്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

