കുറ്റകൃത്യങ്ങള്‍ തടയാൻ ‘നാവു നീവു ’പദ്ധതിയുമായി കർണാടക പൊലീസ്
text_fieldsബംഗളൂരു: സംസ്ഥാനത്ത് രാത്രികാലങ്ങളിലെ അതിക്രമങ്ങള്‍ തടയുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രാത്രികാല പട്രോളിങ്ങിൽ പൊതുജനങ്ങളെയും ഉൾപ്പെടുത്തുന്ന ‘നാവു നീവു’ പദ്ധതി കർണാടക പൊലീസ് വ്യാപിപ്പിക്കുന്നു. സന്നദ്ധ സേവകരെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ജനങ്ങളും പൊലീസും തമ്മില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയും കുറ്റകൃത്യങ്ങള്‍ തടയുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കു അവബോധം നല്‍കുകയും അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബംഗളൂരു വെസ്റ്റ് ഡിവിഷന് പൊലീസ് സ്റ്റേഷനാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. പദ്ധതി വൈകാതെ മറ്റ് ഡിവിഷനുകളിലേക്കുകൂടി വ്യാപിപ്പിക്കും. വെസ്റ്റ് ഡിവിഷനിലെ ഓരോ പൊലീസ് സ്റ്റേഷനുകളിലും അഞ്ച് മുതല്‍ 10 സന്നദ്ധ പ്രവര്‍ത്തകര്‍ വരെ ഉണ്ട്.
ഒരു പൊലീസ് ഓഫിസറും ഒരു പൗരനും ചേര്‍ന്ന സംഘമാണ് രാത്രികാല നിരീക്ഷണം നടത്തുകയെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ആഘോഷങ്ങള്‍, പൊതു പരിപാടികള്‍ എന്നിവ നടക്കുമ്പോള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. പ്രാദേശിക പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ വളന്റിയര്‍മാര്‍ സഹായിക്കുകയും അതുവഴി സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പൊലീസിനു സാധിക്കുകയും ചെയ്യും. 18 വയസ്സ് പൂര്‍ത്തിയായ, പ്രദേശവാസിയായ, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് വളന്റിയര്‍ ആകാം. താല്പര്യമുള്ളവര് പ്രദേശത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
പൊലീസ് പട്രോളിങ് ആസൂത്രണം, റിപ്പോര്‍ട്ടിങ് എന്നിവക്കായി ഇ-സുഭാഹു എന്ന ആപ്ലിക്കേഷന്‍ തുടങ്ങിയിട്ടുണ്ട്. ഇതുമൂലം വനിതകളുടെ താമസ സ്ഥലങ്ങള്‍, ഹോസ്റ്റലുകള്‍, ആരാധനാ സ്ഥലങ്ങള്‍, ബാങ്കുകള്‍, ബസ് സ്റ്റോപ്പ്, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളില്‍ ഏതെങ്കിലും തരത്തിൽ അതിക്രമമുണ്ടായാൽ കാര്യക്ഷമമായി ഇടപെടാന്‍ പൊലീസിന് സാധിക്കും. ജനങ്ങള്‍ക്ക് ഇ-സുഭാഹു ആപ്ലിക്കേഷന്‍ ലോഗിന്‍ ചെയ്തു പൊലീസ് ഏത് സ്ഥലത്താണെന്ന് അറിയാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

