നീറ്റ് പരീക്ഷയില്‍ സീറ്റ് വര്‍ധന ആവശ്യപ്പെട്ട് കര്‍ണാടക
text_fieldsബംഗളൂരു: നീറ്റ് പരീക്ഷയിൽ സീറ്റ് വര്‍ധന ആവശ്യപ്പെട്ട് ദേശീയ മെഡിക്കല്‍ കമീഷന് (എന്‍.എം.സി) മുമ്പാകെ കര്‍ണാടക സര്‍ക്കാര്‍ നിവേദനം സമര്‍പ്പിച്ചു. അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതുന്നുവെങ്കിലും അതില്‍ ഒരു ലക്ഷം സീറ്റുകള്‍ മാത്രമാണ് നിലവിലുള്ളത്.
800 എം.ബി.ബി.എസ് സീറ്റുകളും 600 പി.ജി സീറ്റും കൂടുതല്‍ വേണമെന്ന നിര്‍ദേശമാണ് സമര്‍പ്പിച്ചതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.ശരണ്‍ പ്രകാശ് പട്ടീല്‍ പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയി മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എസ്.എ.ബി.വി.എം.സി) 2019 ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവർക്ക് മികച്ച പരിശീലനം ലഭിക്കുന്നതിനാല്‍ അന്തരാഷ്ട്ര തലത്തില്‍ തന്നെ അവർക്ക് ഡിമാൻഡ് ഏറെയാണ്. കൂടാതെ ഓരോ ജില്ലയിലും മെഡിക്കല്‍ കോളജുകള്‍, കാന്‍സര്‍ സെന്ററുകളും സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളും സ്ഥാപിക്കുക , സാമ്പത്തികമായി പിന്നാക്കാവസ്ഥയില്‍ നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി മെഡിസിന് പഠിക്കുന്നതിനുള്ള അവസരമൊരുക്കുക എന്നീ പദ്ധതികൾക്കും മുഖ്യമന്ത്രി അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ചില കോളജുകളില്‍ വര്‍ഷത്തില്‍ പി.ജി കോഴ്സുകളിലേക്ക് 100 മുതല്‍ 150 വരെ സീറ്റ് വര്‍ധിപ്പിക്കാറുണ്ടെന്ന് എന്‍.എം.സി ചെയര്പേഴ്സൻ ബി.എന്‍. ഗംഗാധര പറഞ്ഞു. ചിക്കബല്ലാപുര, ചിക്കമഗളൂരു, ഹാവേരി, ചിത്രദുര്‍ഗ എന്നിവിടങ്ങളിലെ പുതുതായി തുടങ്ങിയ ഗവ. കോളജുകളില്‍ ഒഴികെ പഴയ ഗവ. കോളജുകളിലെല്ലാം സീറ്റ് വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.