പോത്തോട്ട മത്സരത്തിന് ദസറ സ്പോർട്സ് മീറ്റിൽ ഔദ്യോഗിക എൻട്രി
text_fieldsകമ്പള മത്സരം
മംഗളൂരു: തീരദേശ കർണാടകയിലെ പരമ്പരാഗത പോത്തോട്ട മത്സരമായ കമ്പള ഈ വർഷം മുതൽ ദസറ സ്പോർട്സ് മീറ്റിൽ ഔദ്യോഗികമായി ഉൾപ്പെടുത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഇനായത്ത് അലിയുടെ നേതൃത്വത്തിൽ ഗുരുപുരയിലെ മണിബെട്ടു ഗുത്തു വയലിൽ നടന്ന രാത്രികാല മുഡ്ലൂർ-അടൂർ ജോടുകരെ കമ്പള പരിപാടിയായ ‘ഗുരുപുര കമ്പളോത്സവ’ത്തിന്റെ രണ്ടാം പതിപ്പിന്റെ സമർപ്പണ ചടങ്ങിൽ ശനിയാഴ്ച രാത്രി സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശമേഖലയിലെ ഒരു പരമ്പരാഗത കായിക വിനോദമായ കമ്പള സംരക്ഷിക്കപ്പെടണം. ദക്ഷിണ കന്നടയുടെ ധാർമികതയിൽ ലോകം വളരെയധികം വിശ്വാസമർപ്പിക്കുന്നു.
പരാജയത്തെ മാന്യമായി സ്വീകരിക്കാൻ പഠിക്കാതെ ഒരാൾക്ക് വിജയം കൈവരിക്കാൻ കഴിയില്ല. അതുപോലെ, കമ്പളയിലും കായികക്ഷമത വിജയിക്കണം. ഈ കായിക വിനോദത്തിലൂടെ നമ്മുടെ പാരമ്പര്യങ്ങളും സംസ്കാരവും അഭിവൃദ്ധി പ്രാപിക്കുന്നു. നമ്മുടെ സർക്കാർ അതിനെ തുടർന്നും പ്രോത്സാഹിപ്പിക്കും.നാദ ഹബ്ബ മൈസൂരു ദസറ ആഘോഷങ്ങളിൽ നടക്കുന്ന ദസറ കായിക ഇനങ്ങളിലാണ് കമ്പളയും ഉൾപ്പെടുത്തുക. ഇതൊരു പാരമ്പര്യമായി മാറുകയും തലമുറകളായി തുടരുകയും വേണം. അന്താരാഷ്ട്രതലത്തിൽ കമ്പളയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
കക്ഷി, ജാതി, മതം എന്നിവയുടെ എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് നമുക്ക് ഈ കായിക വിനോദത്തെ വളർത്തുകയും പിന്തുണക്കുകയും ചെയ്യാം. ഞാനും സർക്കാറും ഇതിന് പൂർണമായും പ്രതിജ്ഞാബദ്ധരാണ്.രാജ്യത്തെ ഏറ്റവും വലിയ തീരപ്രദേശമാണ് ദക്ഷിണ കന്നടയിലുള്ളത്. ഇത് പ്രയോജനപ്പെടുത്തി സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് സർക്കാർ ഇതിനകം ചർച്ച ചെയ്തിട്ടുണ്ട്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തീരദേശമേഖലയുടെ സമ്പന്നമായ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങൾ ഊന്നൽ നൽകും. ജില്ലയിലെ ജനങ്ങൾക്കൊപ്പം സർക്കാർ എപ്പോഴും ഉണ്ടാകുമെന്നും തീരദേശത്തിന്റെ തനതായ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന കമ്പളയുടെ സംരക്ഷണത്തിനും പ്രചാരണത്തിനും പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

