ലോക്സഭ മണ്ഡല നിർണയം; അമിത് ഷായുടെ വാദം അവിശ്വസനീയം -മുഖ്യമന്ത്രി
text_fieldsബംഗളൂരു: ലോക്സഭ മണ്ഡലം അതിർത്തി നിർണയ പ്രക്രിയയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു ദോഷവും ഉണ്ടാകില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം വിശ്വസനീയമല്ലെന്ന് കർണാടക മുഖ്യമന്ത്രി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഷായുടെ പ്രസ്താവനയെന്ന് സിദ്ധരാമയ്യ വ്യാഴാഴ്ച പറഞ്ഞു. ഡീലിമിറ്റേഷൻ കാരണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു ഒറ്റ പാർലമെന്ററി സീറ്റ് പോലും നഷ്ടപ്പെടില്ലെന്ന് ഷാ ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
ആഭ്യന്തര മന്ത്രിയുടെ അവ്യക്തമായ പരാമർശങ്ങൾ നിരീക്ഷിക്കുമ്പോൾ അദ്ദേഹത്തിന് ശരിയായ വിവരങ്ങൾ ഇല്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവയുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള മനഃപൂർവമായ ഉദ്ദേശ്യം ഉണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നീതി ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ഏറ്റവും പുതിയ ജനസംഖ്യ അനുപാതത്തിന്റെ അടിസ്ഥാനത്തിലാണോ അതോ നിലവിലെ ലോക്സഭ സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണോ അതിർത്തി നിർണയം എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണം.
ഏറ്റവും പുതിയ ജനസംഖ്യ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി നിർണയം നടത്തിയാൽ അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള കടുത്ത അനീതിയായിരിക്കുമെന്ന് വ്യക്തമാണ്. ഇത്തരം അനീതി തടയാൻ ഭരണഘടനാ ഭേദഗതികളെത്തുടർന്ന് 1971ലെ സെൻസസ് അടിസ്ഥാനമാക്കി മുൻകാല അതിർത്തി നിർണയ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ 50 വർഷത്തിനിടയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യ വളർച്ച ഫലപ്രദമായി നിയന്ത്രിക്കുകയും വികസനത്തിന്റെ കാര്യത്തിൽ ഗണ്യമായി മുന്നേറുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങൾ ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു. വികസനത്തിൽ അവ ഇപ്പോഴും പിന്നിലാണ്. ഏറ്റവും പുതിയ സെൻസസ് അടിസ്ഥാനമാക്കിയാണ് അതിർത്തി നിർണയം നടത്തിയതെങ്കിൽ കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്സഭ സീറ്റുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായേക്കാം. അതേസമയം, വടക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കും. രണ്ട് സാഹചര്യങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നഷ്ടം വഹിക്കും.
ആഭ്യന്തരമന്ത്രിക്ക് ഇതിനെക്കുറിച്ച് അറിയാമോ? -മുഖ്യമന്ത്രി ആരാഞ്ഞു. അതിർത്തി നിർണയത്തിന്റെ ആഘാതത്തെക്കുറിച്ച് നടത്തിയ പഠനങ്ങൾ അനുസരിച്ച് ഏറ്റവും പുതിയ സെൻസസ് അടിസ്ഥാനമാക്കിയാണ് അതിർത്തി നിർണയം നടത്തുന്നതെങ്കിൽ കർണാടകയിലെ ലോക്സഭ സീറ്റുകളുടെ എണ്ണം 28ൽനിന്ന് 26 ആയി കുറയാൻ സാധ്യതയുണ്ട്. ആന്ധ്രപ്രദേശിന്റെ സീറ്റുകൾ 42ൽനിന്ന് 34 ആയും കേരളത്തിലെ സീറ്റുകൾ 20ൽനിന്ന് 12 ആയും തമിഴ്നാട്ടിന്റെ സീറ്റുകൾ 39ൽ നിന്ന് 31 ആയും കുറയും.
ഉത്തർപ്രദേശിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 80ൽനിന്ന് 91 ആയും ബിഹാറിലേത് 40ൽനിന്ന് 50 ആയും മധ്യപ്രദേശിലേത് 29ൽനിന്ന് 33 ആയും ഉയരും. ഇത് അനീതിയല്ലെങ്കിൽ പിന്നെ എന്താണ്? -സിദ്ധരാമയ്യ ചോദിച്ചു. കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് ഡീലിമിറ്റേഷൻ പ്രക്രിയയിൽ നീതി പുലർത്തണമെങ്കിൽ, 1971ലെ സെൻസസ് അടിസ്ഥാനമായി ഉപയോഗിക്കണം, അല്ലെങ്കിൽ ജനസംഖ്യ കണക്കുകളെ മാത്രം ആശ്രയിക്കാതെ ലോക്സഭാ സീറ്റുകളുടെ എണ്ണം ആനുപാതികമായി വർധിപ്പിക്കണം -മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

