കൃത്രിമബുദ്ധിക്കൊപ്പം യുക്തിസഹ മനോഭാവവും വളരണം -മുഖ്യമന്ത്രി
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യയെ സ്വാഗതം ചെയ്യുന്നു
മംഗളൂരു: കൃത്രിമബുദ്ധിക്കൊപ്പം യുക്തിസഹമായ ചിന്തയും ശാസ്ത്രീയ മനോഭാവവും വികസിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മംഗളൂരു നടുപ്പടവിലെ പേസ് നോളജ് സിറ്റിയിൽ പേസ് സെന്റർ ഫോർ എ.ഐ. ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന്റെ യഥാർഥ ലക്ഷ്യത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്തിയെടുക്കാൻ വിദ്യാർഥികളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നൂതന സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടിയാൽ മാത്രം പോരാ. നിങ്ങൾ എ.ഐ പഠിച്ചിട്ടും എല്ലാറ്റിനും വിധിയെ കുറ്റപ്പെടുത്തുകയാണെങ്കിൽ വിദ്യാഭ്യാസത്തിന് ഒരു മൂല്യവുമില്ല. വൈവിധ്യമാർന്ന ഒരു സമൂഹത്തിൽ ഐക്യം വളർത്തേണ്ടത് അനിവാര്യമാണ്. ഇന്ത്യ നിരവധി മതങ്ങളുടെയും ജാതികളുടെയും കേന്ദ്രമാണെന്ന ബോധത്തിൽ യഥാർഥ വിദ്യാഭ്യാസം നാനാത്വത്തിൽ ഏകത്വം പ്രോത്സാഹിപ്പിക്കണം. ജാതി വിവേചനം ഉൾപ്പെടെ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ വിദ്യാഭ്യാസം സഹായകമാവേണ്ടതുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 79 വർഷങ്ങൾക്ക് ശേഷവും യുക്തിബോധവും ശാസ്ത്രീയ ചിന്തയും വളർത്തിയെടുത്തില്ലെങ്കിൽ വിദ്യാഭ്യാസംകൊണ്ട് ഒരു പ്രയോജനവുമില്ല. സാമൂഹിക സമത്വവും പുരോഗമന ചിന്തയും ശക്തിപ്പെടുത്തുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികളെ സഹായിക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റ സയൻസ്, റോബോട്ടിക്സ്, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിലെ അത്യാധുനിക ഗവേഷണത്തിനുള്ള മൾട്ടി ഡിസിപ്ലിനറി ഹബ്ബായിട്ടാണ് പേസ് സെന്റർ ഫോർ എ.ഐ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിഭാവനം ചെയ്തിരിക്കുന്നത്. വിവർത്തന ഗവേഷണം, സംരംഭകത്വം, പ്രോട്ടോടൈപ് വികസനം, അക്കാദമിക്, വ്യവസായം, സർക്കാർ എന്നിവ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത ഒരു സമർപ്പിത ലാഭേച്ഛയില്ലാത്ത ഗവേഷണ -നവീകരണ കേന്ദ്രമായ പേസ് ട്രൈഡ് പാർക്ക് നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ അവബോധം, നൈപുണ്യ വികസനം, പരിസ്ഥിതി സുസ്ഥിരത, ഗ്രാമീണ ഇടപെടൽ, യുവജനക്ഷേമം, സ്ത്രീ ശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്യൂണിറ്റി ഔട്ട്റീച് സംരംഭമായ പേസ് കെയേഴ്സ് ദക്ഷിണ കന്നട ജില്ല ചുമതലയുള്ള ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളെ ശക്തമായ പ്രഫഷനൽ പാതകൾ കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് ഘടനാപരമായ തൊഴിൽക്ഷമത പരിശീലനം, സോഫ്റ്റ്-സ്കിൽ വികസനം, ഇന്റേൺഷിപ്പുകൾ, പ്ലേസ്മെന്റ് പിന്തുണ, കരിയർ കൗൺസലിങ് എന്നിവ വാഗ്ദാനം ചെയ്യുന്ന പേസ് സെന്റർ ഫോർ കരിയർ ഡെവലപ്മെന്റ് ഭവന, ന്യൂനപക്ഷ ക്ഷേമ മന്ത്രി ബി.സെഡ്. സമീർ അഹ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, വോളിബാൾ, മറ്റു കായിക വിനോദങ്ങൾ എന്നിവക്കുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന പേസ് സ്പോർട്സ് അരീന വികസന പദ്ധതി മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി നസീർ അഹ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഇബ്രാഹിം, ലത്തീഫ് ഇബ്രാഹിം, സുബൈർ ഇബ്രാഹിം, യേനപ്പൊയ യൂനിവേഴ്സിറ്റി ചാൻസലർ ഡോ.വൈ.അബ്ദുല്ല കുഞ്ഞി, പി.എ. അബൂബക്കർ ഹാജി, കെ.അഹ്മദ് കുട്ടി, അസീഫ് മുഹമ്മദ്, കെ.എം. ഹനീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

