ഡല്‍ഹിയില്‍ കര്‍ണാടക ഭവന് തുറന്നു
text_fieldsബംഗളൂരു: ഡല്‍ഹിയിലെ ചാണക്യപുരി നയതന്ത്ര എന്‍ക്ലേവ് ഏരിയയില്‍ നിർമിച്ച പുതിയ കര്‍ണാടക ഭവന് കെട്ടിടം ‘കാവേരി ഭവന്’ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. 50 വര്‍ഷം പഴക്കമുള്ള പഴയ കര്‍ണാടക ഭവന് പകരമായാണ് പുതിയ കെട്ടിടം നിർമിച്ചത്. പഴയ കെട്ടിടം സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത് പൊളിച്ചുമാറ്റി പുതിയ കര്‍ണാടക ഭവന് നിര്‍മിച്ചത്. കെട്ടിടത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ശിലാലിഖിതം കാവേരി ഭവനിൽ പ്രദര്‍ശിപ്പിക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാർഗെ നിർദേശിച്ചു.
കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്, പ്രള്‍ഹാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, ശോഭ കലന്ദരാജെ, വി. സോമണ്ണ, കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കര്‍ണാടക എം.പിമാരായ ജയ്റാം രമേശ്, സുധ മൂര്‍ത്തി, കെ.എച്ച്. മുനിയപ്പ, സംസ്ഥാന മന്ത്രിമാരായ കെ.എന്‍. രാജണ്ണ, സതീഷ് ജാര്‍ക്കിഹോളി, എച്ച്.സി. മഹാദേവപ്പ, കര്‍ണാടക പ്രതിപക്ഷ ഉപനേതാവ് അരവിന്ദ് ബല്ലാഡ്, കര്‍ണാടക സര്‍ക്കാറിന്റെ ഡല്‍ഹി പ്രതിനിധി ടി.ബി. ജയചന്ദ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മീറ്റിങ്ങുകള്‍, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി കാവേരിഭവനില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് ബേസ്മെന്റ് ഉൾപ്പെടെ ഒമ്പത് നിലകളിലായി 52 മുറികളുള്ള കെട്ടിടത്തില്‍ രണ്ടു വി.ഐ.പി മുറി, 32 സ്യൂട്ട് മുറി, 18 സിംഗ്ള്‍ മുറി എന്നിങ്ങനെയാണ് ഒരുക്കിയിട്ടുള്ളത്. 86 ശുചിമുറികളും 10 കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

