കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദനം; കർണാടക ഒന്നാം സ്ഥാനത്ത്
text_fieldsകാറ്റിൽ നിന്ന് ഊർജോൽപാദനത്തിനുള്ള രാജ്യത്തെ മികച്ച സംസ്ഥാനത്തിനുള്ള അവാർഡ് കേന്ദ്ര ഊർജ മന്ത്രി പ്രൾഹാദ് ജോഷിയിൽനിന്ന് കർണാടക സംസ്ഥാന ഊർജ്ജ മന്ത്രി കെ.ജെ. ജോർജ് അവാർഡ് ഏറ്റുവാങ്ങുന്നു
ബംഗളൂരു: സാമ്പത്തിക വർഷത്തിൽ കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദനത്തിൽ 1,331.48 മെഗാവാട്ട് എന്ന ഏറ്റവും ഉയർന്ന ശേഷി നേടിയതിന് കർണാടകക്ക് രാജ്യത്ത് ഒന്നാം സ്ഥാനം ലഭിച്ചു. ഞായറാഴ്ച ബെംഗളൂരുവിൽ നടന്ന ‘പവൻ-ഊർജ: ഇന്ത്യയുടെ ഭാവിയെ ശക്തിപ്പെടുത്തുന്നു’ എന്ന പ്രമേയത്തിൽ നടന്ന 2025 ലെ ആഗോള കാറ്റ് ദിനാചരണത്തിൽ കേന്ദ്ര നവ, പുനരുപയോഗ ഊർജ മന്ത്രി പ്രൾഹാദ് ജോഷിയിൽനിന്ന് മലയാളിയായ സംസ്ഥാന ഊർജ മന്ത്രി കെ.ജെ. ജോർജ് അവാർഡ് ഏറ്റുവാങ്ങി. കർണാടകക്ക് പിറകെ തമിഴ്നാടും ഗുജറാത്തും യഥാക്രമം 1,136.37 മെഗാവാട്ടും 954.76 മെഗാവാട്ടും കൂട്ടിയതായി മന്ത്രി ജോർജിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
‘ഇത് വെറുമൊരു സംഖ്യയല്ല - ശുദ്ധമായ ഊർജത്തോടുള്ള കർണാടകയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണിത്,’ അവാർഡ് സ്വീകരിച്ച ശേഷം ജോർജ് പറഞ്ഞു. മുൻകൈയെടുത്തുള്ള നയങ്ങൾ, നടപ്പാക്കൽ ശേഷികൾ, ദർശനം എന്നിവ കർണാടകയെ പുനരുപയോഗ ഊർജ മേഖലയിൽ മുൻനിരയിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റവർഷം കൊണ്ട് 1,331 മെഗാവാട്ട് വൈദ്യുതി കൂട്ടിച്ചേർക്കാനായത് സുസ്ഥിരമായ ഭാവിക്കായി കാറ്റിൽ നിന്നുള്ള ഊർജം ഉപയോഗപ്പെടുത്തുന്നതിൽ സംസ്ഥാനത്തിന്റെ വേഗത്തെ പ്രകടമാക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. കർണാടകയുടെ മൊത്തം സ്ഥാപിത കാറ്റാടി വൈദ്യുതിശേഷി ഇപ്പോൾ 7,351 മെഗാവാട്ടാണ്. വലിയ തോതിലുള്ള പദ്ധതികൾ നടപ്പാക്കാനും വ്യവസായങ്ങൾക്കും കർഷകർക്കും വീടുകൾക്കും ശുദ്ധമായ ഊർജം നൽകാനുമുള്ള കർണാടകയുടെ കഴിവിന്റെ പ്രതീകമാണ് ഈ നേട്ടം.
2030 ആവുമ്പോഴേക്കും 500 ജിഗാവാട്ട് പുനരുപയോഗ ഊർജം എന്ന ദേശീയ ലക്ഷ്യത്തിന് കർണാടകയുടെ പിന്തുണ ജോർജ് ആവർത്തിച്ച് വ്യക്തമാക്കി, ഇതിൽ 100 ജിഗാവാട്ട് കാറ്റിൽ നിന്നുള്ള ഊർജത്തിൽ നിന്നാണ് പ്രതീക്ഷിക്കുന്നത്.17 ജിഗാവാട്ട് കാറ്റാടി വൈദ്യുതിപദ്ധതികൾ നടപ്പാക്കാൻ കർണാടക തയാറെടുക്കുകയാണ്.
പുനരുപയോഗ ഊർജ ക്ലസ്റ്റർ പ്രോഗ്രാമിന് കീഴിൽ അഞ്ച് ജിഗാവാട്ടിൽ കൂടുതൽ പദ്ധതിയിട്ടിട്ടുണ്ട്. 20 ലധികം സബ്സ്റ്റേഷനുകൾ, 400 കെ.വി ഇടനാഴികൾ, ഒരു പുനരുപയോഗ ഊർജ കരുതൽ മേഖല എന്നിവ സ്ഥാപിക്കുന്നതിലൂടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നു.
2025-ലെ ആഗോള നിക്ഷേപക സംഗമത്തിൽ പുനരുപയോഗ ഊർജത്തിനായുള്ള നാല് ലക്ഷം കോടിയുടെ നിക്ഷേപ കരാറുകളിൽ സംസ്ഥാനം ഒപ്പുവെച്ചു - ഇത് സംസ്ഥാനത്തിന്റെ മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 40 ശതമാനമാണ് - കർണാടകയുടെ ഹരിത ഊർജ ദർശനത്തിൽ ആഗോള, ആഭ്യന്തര നിക്ഷേപകരുടെ ആത്മവിശ്വാസം കൂടുതൽ പ്രകടമാക്കുന്നുവെന്ന് ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

