കർക്കടക മാസത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ
text_fieldsബംഗളൂരു: കർക്കടക മാസത്തെ വരവേൽക്കാനൊരുങ്ങി കർണാടകയിലെ പ്രവാസി മലയാളികൾ. ചൊവ്വാഴ്ച മുതൽ ഒരു മാസം നീളുന്ന രാമായണ പാരായണത്തിന്റെ നാളുകളാണ്. വിവിധ സംഘടനകൾക്ക് കീഴിൽ രാമായണ മാസാചരണം സംഘടിപ്പിക്കും. ആഗസ്റ്റ് മൂന്നിന് കർക്കടക വാവ് ദിനത്തിൽ വിവിധയിടങ്ങളിൽ പിതൃതർപ്പണ ചടങ്ങുകളും നടക്കും.
രാമായണ മാസാചരണം
കർണാടക നായർ സർവിസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളിൽ കർക്കടക മാസം ഒന്നു മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണ പാരായണം സംഘടിപ്പിക്കുന്നു. ദാസറഹള്ളി കരയോഗം മഹിള വിഭാഗം ചൈതന്യയുടെ ആഭിമുഖ്യത്തിൽ ജൂലൈ 16ന് രാവിലെ 9ന് സന്തോഷ് നഗറിലുള്ള കരയോഗം ഓഫിസിൽ ആരംഭിക്കും. ആദ്യ അഞ്ചു ദിവസങ്ങളിൽ കരയോഗം ഓഫിസിൽ പാരായണം ചെയ്തതിനുശേഷം രജിസ്റ്റർ ചെയ്യുന്ന അംഗങ്ങളുടെ വീടുകളിലും പാരായണം നടത്തുന്നതാണ്. ആഗസ്റ്റ് 15ന് സമാപന ദിവസം രാവിലെ മുതൽ കരയോഗം ഓഫിസിൽ രാമായണ പാരായണവും പട്ടാഭിഷേക പൂജയും ഉണ്ടായിരിക്കുന്നതാണ്.
എം.എസ് നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണ പാരായണം 16ന് വൈകീട്ട് കരയോഗം ഓഫിസിൽ സർവ ഐശ്വര്യ പൂജയോടുകൂടി ആരംഭിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ അംഗങ്ങളുടെ വീടുകളിൽ ദിവസേന പാരായണം ഉണ്ടായിരിക്കും. സമാപന ദിവസമായ ആഗസ്റ്റ് 16ന് നടക്കുന്ന പാരായണ യജ്ഞത്തിനും, പട്ടാഭിഷേക പൂജകൾക്കും കെ.കെ. നായർ മുഖ്യ കാർമികത്വം വഹിക്കും.
തിപ്പസാന്ദ്ര സി.വി. രാമൻ നഗർ കരയോഗം മഹിള വിഭാഗം പഞ്ചമിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 16ന് വൈകീട്ട് 6ന് രാമായണ പാരായണ പൂജകൾ ആരംഭിക്കും. വിമാനപുര കരയോഗം മഹിള വിഭാഗം ജയാധാരയുടെ ആഭിമുഖ്യത്തിൽ ജൂലൈ 16ന് വൈകീട്ട് 5ന് കരയോഗം ഓഫിസ് മന്നം മെമ്മോറിയൽ ഹാളിൽ പാരായണം ആരംഭിക്കും. തുടർന്നുള്ള ദിവസങ്ങളിൽ അംഗങ്ങളുടെ വീടുകളിൽ പാരായണം ചെയ്യുന്നതാണ്. വിവേക് നഗർ കരയോഗം മഹിള വിഭാഗം ത്രിവേണിയുടെ നേതൃത്വത്തിൽ ജൂലൈ 16ന് രാമായണ പാരായണം ആരംഭിക്കും. തുടർന്നുള്ള എല്ലാ ശനി ഞായർ ദിവസങ്ങളിൽ കരയോഗം ഓഫിസിൽ പാരായണം ഉണ്ടായിരിക്കുന്നതാണ്.
മഹാദേവപുര കരയോഗത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് കരയോഗം ഓഫിസിൽ വെച്ച് പാരായണം സംഘടിപ്പിക്കുന്നു. അബ്ബിഗരെ ഷെട്ടിഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 16 മുതൽ ആഗസ്റ്റ് 15 വരെ കരയോഗം ഓഫിസിലും അംഗങ്ങളുടെ ഭവനങ്ങളിലും രാമായണ പാരായണം സംഘടിപ്പിക്കും. സമാപന ദിവസം ചടങ്ങുകൾ കരയോഗം ഓഫിസിൽ നടക്കും.
ജയമഹൽ കരയോഗം മഹിള വിഭാഗം ജ്യോതിയുടെ നേതൃത്വത്തിൽ ജൂലൈ 16ന് കരയോഗം ഓഫിസിൽ രാമായണ പാരായണം പൂജകൾ ആരംഭിക്കും. തുടർന്നുള്ള ദിവസങ്ങളിൽ അംഗങ്ങളുടെ വീടുകളിലും പാരായണം സംഘടിപ്പിക്കും.ബൊമ്മനഹള്ളി കരയോഗം മഹിള വിഭാഗം കാവേരിയുടെ നേതൃത്വത്തിൽ പാരായണ പൂജകൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11ന് കോടിചിക്കാനാഹള്ളി മഹാവീർ മാർവെൽ അപാർട്മെന്റ് ക്ലബ് ഹൗസിൽ വെച്ച് മുഴുദിന രാമായണ പാരായണവും ഉണ്ടായിരിക്കുന്നതാണ്.മല്ലേശ്വരം കരയോഗം മഹിള വിഭാഗം മംഗളയുടെ നേതൃത്വത്തിൽ ജൂലൈ 16ന് രാവിലെ 10.30ന് കരയോഗം ഓഫിസിൽ പാരായണം സംഘടിപ്പിക്കും.
സർജാപുര കരയോഗം മഹിള വിഭാഗം സരയുവിന്റെ നേതൃത്വത്തിൽ ജൂലൈ 16 മുതൽ ഒരു മാസം അംഗങ്ങളുടെ വീടുകളിൽ പാരായണം സംഘടിപ്പിക്കും. വൈറ്റ്ഫീൽഡ് കരയോഗം മഹിള വിഭാഗത്തിന്റെ നേതൃത്വത്തിൽ 16 മുതൽ രാമായണ പാരായണം ആരംഭിക്കും, തുടർന്നുള്ള ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് അംഗങ്ങളുടെ വീടുകളിലും പാരായണം നടത്തും. ഹോറമാവു കരയോഗത്തിന്റെ നേതൃത്വത്തിൽ പാരായണ മാസാചരണം 16 മുതൽ ആഗസ്റ്റ് 16 വരെ സംഘടിപ്പിക്കുന്നു. പട്ടാഭിഷേക പൂജകൾ ആഗസ്റ്റ് 15ന് കരയോഗം ഓഫിസിൽ സംഘടിപ്പിക്കും.
കർക്കടക വാവുബലി
ബംഗളൂരു: ശ്രീനാരായണ സമിതിക്കു കീഴിൽ കർക്കടക അമാവാസി പിതൃതർപ്പണ ചടങ്ങിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ആഗസ്റ്റ് മൂന്നിനാണ് ബലിതർപ്പണ ചടങ്ങ്. തുടർച്ചയായി 25ാം വർഷമാണ് ശ്രീനാരായണ സമിതിക്കുകീഴിൽ ബംഗളൂരുവിൽ ബലിതർപ്പണ സൗകര്യമൊരുക്കുന്നത്. അൾസൂർ തടാകത്തിലെ കല്യാണി തീർഥത്തിൽ നടക്കുന്ന ചടങ്ങിൽ 700ലേറെ പേർക്ക് ഒരേസമയം ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാനാവും. 5000 പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ദൂരദിക്കുകളിൽ നിന്നെത്തുന്നവർക്ക് പ്രഭാത ഭക്ഷണം, താമസ സൗകര്യം തുടങ്ങിയവയും ഒരുക്കും.
പുലർച്ച മൂന്നിന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് കല്യാണി തീർഥത്തിൽ ഗംഗാ പൂജ നടക്കും. രാവിലെ 10 വരെ പിതൃതർപ്പണ ചടങ്ങുകൾ നടക്കും. വഴിപാടുകൾക്ക് സൗകര്യമുണ്ടാകും. സമിതി പൂജാരിമാർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. ആഗസ്റ്റ് മൂന്നിന് ബലിയിടാൻ കഴിയാത്തവർക്ക് പിറ്റേന്ന് സൗകര്യമൊരുക്കും. നാലിന് ബലിയിടാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അറിയിക്കണം. ഫോൺ: 080 25510277, 9383433110. ബംഗളൂരു: യദിയൂർ വൈദികകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർക്കടക വാവുബലി ആഗസ്റ്റ് മൂന്നിന് ജയനഗറിലെ യദിയൂർ തടാകതീരത്ത് നടക്കും. പുലർച്ച നാലിന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പിണ്ഡ നിമജ്ജന പുണ്യകുളത്തിൽ ഗംഗാ പൂജ നടത്തും.
4.30ന് 100 പേർ അടങ്ങുന്ന ആദ്യ ബാച്ചിന് തർപ്പണം ആരംഭിക്കും. മനോജ് വിശ്വനാഥ പൂജാരി മുഖ്യകാർമികത്വവും ഷിജിൽ ശാന്തി സഹകാർമികത്വവും വഹിക്കും. ഭക്തർക്ക് പിതൃ നമസ്കാരം, കൂട്ടനമസ്കാരം, തിലഹവനം, ഗണപതി ഹോമം, അന്നദാനം, ഭക്ഷ്യധാന്യ കിറ്റ് വിതരണം എന്നീ വഴിപാടുകൾ നടത്തുവാനും സൗകര്യമൊരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9341240876.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

