കരാവലി ഉത്സവം ഡിസംബർ 19 മുതൽ
text_fieldsമംഗളൂരു: ഈ വർഷത്തെ കരാവലി ഉത്സവ് ഡിസംബർ 19 മുതൽ ജനുവരി നാലുവരെ നടക്കുമെന്ന് ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണർ എച്ച്. ദർശൻ പ്രഖ്യാപിച്ചു. ഉത്സവം സംബന്ധിച്ച പ്രാഥമിക യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാവലി ഉത്സവത്തിൽ ജനകേന്ദ്രീകൃതവും ജനക്കൂട്ടത്തെ ആകർഷിക്കുന്നതുമായ പരിപാടികൾക്ക് മുൻഗണന നൽകുമെന്ന് ഡി.സി പറഞ്ഞു. പരിപാടികൾക്ക് ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ബീച്ച് ഫെസ്റ്റിവൽ, കല പർബ, പഴം, പുഷ്പ പ്രദർശനങ്ങൾ, മറ്റ് വിവിധ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ പ്രധാന ബീച്ചുകളിലും വൈവിധ്യമാർന്നതും വ്യത്യസ്തവുമായ പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതികൾ പുരോഗമിക്കുകയാണ്. ബീച്ച് ഫുട്ബാളും വോളിബാളും പ്രധാന ആകർഷണങ്ങളാക്കി കായിക പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകും.
ലാൽബാഗ് കരാവലി ഉത്സവ ഗ്രൗണ്ട്, കദ്രി പാർക്ക്, പ്രധാന ബീച്ചുകൾ എന്നിവിടങ്ങളിൽ പരിപാടികൾ നടക്കും. ബൈക്ക്, കാർ, നായ് പ്രദർശനങ്ങൾ സംഘടിപ്പിക്കും. പിലിക്കുള ജൈവ ഉദ്യാനത്തിലും പരിപാടികൾ നടത്തുമെന്ന് ഡി.സി കൂട്ടിച്ചേർത്തു.
ഉത്സവത്തിന്റെ ഭാഗമായി ന്യൂ മംഗളൂരു തുറമുഖത്ത് കപ്പലുകളും കോസ്റ്റ് ഗാർഡ് കപ്പലുകളും പൊതുജനങ്ങൾക്ക് കാണാൻ അനുവദിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തും. ഡെപ്യൂട്ടി പൊലീസ് കമീഷണർ മിഥുൻ എച്ച്.എൻ, മംഗളൂരു റവന്യൂ സബ് ഡിവിഷനൽ ഓഫിസർ മീനാക്ഷി ആര്യ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

