കരാവലി ഉത്സവം ശനിയാഴ്ച തുടങ്ങും
text_fieldsകരാവലി ഒരുക്കം അവലോകന യോഗത്തിൽ ജില്ല ഡെപ്യൂട്ടി
കമീഷണർ സംസാരിക്കുന്നു
മംഗളൂരു: ഈ വർഷത്തെ കരാവലി ഉത്സവം ഈ മാസം 20ന് ആരംഭിക്കും. മംഗളൂരുവിലും ദക്ഷിണ കന്നട ജില്ലയിലെ മറ്റ് ഭാഗങ്ങളിലും വിപുലമായ സാംസ്കാരിക, സാഹസിക, ടൂറിസം കേന്ദ്രീകൃത പരിപാടികൾ ആസൂത്രണം ചെയ്തതായി ജില്ല ഡെപ്യൂട്ടി കമീഷണർ എച്ച്.വി. ദർശൻ പറഞ്ഞു. കരാവലി ഉത്സവ തയാറെടുപ്പ് അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ കരാവലി ഉത്സവ ഗ്രൗണ്ടിലാണ് പ്രധാന പരിപാടി നടക്കുക.
ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പനമ്പൂർ, ഉള്ളാൾ, സോമേശ്വര, ശശിഹിത്‌ലു, തണ്ണീർഭാവി, ബ്ലൂ ഫ്ലാഗ് ബീച്ച് എന്നിവയുൾപ്പെടെ ജില്ലയിലെ ആറ് ബീച്ചുകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ശശിഹിത്‌ലു ബീച്ചിൽ സാഹസിക കായിക വിനോദങ്ങളും തണ്ണീർഭവി ബ്ലൂ ഫ്ലാഗ് ബീച്ചിൽ വൈൻ, ചീസ്, കേക്ക് ഫെസ്റ്റിവൽ എന്നിവയും നടക്കും. തണ്ണീർഭാവി ബീച്ചിൽ സംഗീതോത്സവവും ട്രയാത്ത്‌ലോണും ആസൂത്രണം ചെയ്തിട്ടുണ്ട്. ഉള്ളാൾ ബീച്ചിൽ ഫുട്ബാൾ, വോളിബാൾ, മറ്റ് കായിക പരിപാടികൾ, പനമ്പൂർ ബീച്ചിൽ സാംസ്കാരിക പരിപാടികൾ, സോമേശ്വര ബീച്ചിൽ സംഗീത സായാഹ്നം, യോഗ പരിപാടി എന്നിവ സംഘടിപ്പിക്കും.
എല്ലാ ബീച്ചുകളിലും വൈവിധ്യമാർന്ന പ്രാദേശിക ഭക്ഷണവിഭവങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷ്യമേളകൾ നടക്കും. കദ്രി പാർക്കിൽ കലാ പർബ പരിപാടിയും പുഷ്പ-പുഷ്പകൃഷി പ്രദർശനവും സംഘടിപ്പിക്കും. മംഗളൂരു നഗരത്തിൽ ചലച്ചിത്രമേളയും ആസൂത്രണം ചെയ്തിട്ടുണ്ട്.ഡിസംബർ 27, 28 തീയതികളിൽ നെഹ്‌റു മൈതാനിയിൽ ഫുട്ബാൾ ടൂർണമെന്റ് നടക്കും. പിലിക്കുള്ള നിസർഗധാമയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഹെലികോപ്ടർ ജോയ് റൈഡുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.അവലോകന യോഗത്തിൽ ജില്ല പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നർവാഡെ വിനായക് കർബാരി, മംഗളൂരു ഡെപ്യൂട്ടി ഡിവിഷനൽ ഓഫിസർ മീനാക്ഷി ആര്യ, ഡെപ്യൂട്ടി പൊലീസ് കമീഷണർ മിഥുൻ എച്ച്എൻ, ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ആന്റണി മാരിയപ്പ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

