കർണൂൽ ബസ് ദുരന്തം; കെ.എസ്.ആർ.ടി.സി സുരക്ഷാ ഓഡിറ്റ് ആരംഭിച്ചു
text_fieldsകർണാടകയിൽ ബസുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തുന്ന ഉദ്യോഗസ്ഥർ
ബംഗളൂരു: കർണൂൽ ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർണാടക ആർ.ടി.സി സുരക്ഷാ ഓഡിറ്റ് ആരംഭിച്ചു. ആന്ധ്രപ്രദേശിലെ കർണൂലിൽ ഹൈദരാബാദിൽനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് ബൈക്കിൽ ഇടിച്ച് 20 പേരാണ് മരിച്ചത്. ഈ പശ്ചാത്തലത്തിൽ എല്ലാ സർക്കാർ ബസുകളുടെയും സുരക്ഷാ ഓഡിറ്റ് നടത്താനാണ് അധികൃതരുടെ ഉത്തരവ്. മൈസൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓഡിറ്റ് ആരംഭിച്ചു.
മൈസൂരു, മാണ്ഡ്യ, ചാമരാജ് നഗർ, കുടക്, ഹാസൻ എന്നിവിടങ്ങളിലെ ഡിവിഷനൽ കൺട്രോളറുമായി സംസ്ഥാന ഗതാഗത വകുപ്പ് ചീഫ് മെക്കാനിക്കൽ എൻജിനീയർ ശ്രീനിവാസ് സുരക്ഷ പ്രോട്ടോകോളുകളും പരിശോധനാ നടപടിക്രമങ്ങളും അവലോകനം ചെയ്യുന്നതിന് ഓൺലൈൻ യോഗം ചേർന്നു. എല്ലാ ബസുകളും പരിശോധനക്ക് വിധേയമാക്കണം. തകരാറുകൾ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കണം. ഓഡിറ്റ് സമയത്ത് കണ്ടെത്തുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള മാർഗ നിർദേശങ്ങളും അദ്ദേഹം നൽകി.
പരിശോധനക്കായി ഓരോ ഡിപ്പോയിലും ഒരു ഡിപ്പോ മാനേജർ, ഒരു സൂപ്പർവൈസർ, മൂന്ന് മെക്കാനിക്കൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങുന്ന ഓഡിറ്റ് ടീം രൂപവത്കരിച്ചിട്ടുണ്ട്. എമർജൻസി വാതിലുകൾ, അടിയന്തര സാഹചര്യത്തിൽ യാത്രക്കാർക്ക് ജനലുകൾ പൊട്ടിക്കാൻ ജനൽ ബ്രേക്കറുകൾ, ഫയർ ഡിറ്റക്ഷൻ സെൻസറുകൾ, അഗ്നിശമന ഉപകരണങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കും.
കൂടാതെ എൻജിൻ ഓയിൽ, ഡീസൽ ചോർച്ച, ബാറ്ററി കേബിളുകൾ എന്നിവയും പരിശോധിക്കും. കേടുപാടുകൾ വന്ന കേബിളുകൾ മാറ്റി സ്ഥാപിക്കും. ബസുകളുടെ ഓഡിറ്റ് മൂന്നോ നാലോ ദിവസത്തിനകം പൂർത്തിയാകും. ഓഡിറ്റിനുശേഷം പരിശോധന നടത്തിയ ബസുകളുടെ എണ്ണവും നടത്തിയ മാറ്റങ്ങളുമടങ്ങിയ സമഗ്ര റിപ്പോർട്ട് കേന്ദ്ര ഓഫിസിന് സമർപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

