കർണാടക സർക്കാറിന്റെ പ്രസംഗം ഒഴിവാക്കി ഗവർണർ സഭ വിട്ടു
text_fieldsഗവർണർ സഭയിൽനിന്ന് പുറത്തേക്ക് പോവുന്നു
ബംഗളൂരു: കർണാടക ഗവർണർ തവാർചന്ദ് ഗെലോട്ട് വ്യാഴാഴ്ച നിയമസഭയുടെ സംയുക്ത സമ്മേളനത്തെ മൂന്ന് വാക്യങ്ങളിൽ അഭിസംബോധന ചെയ്തതിനുശേഷം സർക്കാർ തയാറാക്കിയ പ്രസംഗം വായിക്കാതെ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. ‘നിയമസഭയുടെ സംയുക്ത സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതംചെയ്യുന്നു. കർണാടക നിയമസഭയുടെ മറ്റൊരു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.
സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസനത്തിന്റെ വേഗത ഇരട്ടിയാക്കാൻ എന്റെ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്. ജയ് കർണാടക’ -ഇത്രയുമാണ് ഗവർണർ വായിച്ചത്. എന്നാൽ സർക്കാർ തയാറാക്കി ബുധനാഴ്ച ഗവർണർക്ക് നൽകിയ ദീർഘ നയപ്രഖ്യാപന പ്രസംഗത്തിനു പകരം ഗവർണർ സ്വയം തയാറാക്കിയ കുറിപ്പാണ് വായിച്ചത്.
നരേന്ദ്ര മോദി സർക്കാറിനെതിരായ വിമർശനങ്ങൾ ഉൾക്കൊള്ളുന്ന കോൺഗ്രസ് സർക്കാർ തയാറാക്കിയ പ്രസംഗത്തിലെ 11 ഖണ്ഡികകൾ ഒഴിവാക്കിയില്ലെങ്കിൽ നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യില്ലെന്ന് ഗവർണർ ബുധനാഴ്ച അറിയിച്ചിരുന്നു. എന്നാൽ, നാടകീയ നീക്കമാണ് വ്യാഴാഴ്ചയുണ്ടായത്. ഗവർണർ സ്വന്തം പ്രസംഗത്തിലെ ഒരു വാചകം വായിച്ചത് സർക്കാറിന്റെ പ്രസംഗത്തിൽനിന്നുള്ളതല്ലെന്നും ഇത് പ്രതിനിധി സഭയെ അപമാനിക്കലാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നമ്മുടെ സർക്കാറും പാർട്ടിയും നിയമനിർമാതാക്കളും ഇതിൽ പ്രതിഷേധിക്കും. ഗവർണർ കേന്ദ്രസർക്കാറിന്റെ പാവയെപ്പോലെയാണ് പെരുമാറിയത്. സുപ്രീംകോടതിയെ സമീപിക്കണോ വേണ്ടയോ എന്ന് ചർച്ച ചെയ്ത് അറിയിക്കും -സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

