നടൻ ദർശനുവേണ്ടി സുപ്രീംകോടതിയിൽ കപിൽ സിബൽ
text_fieldsദർശൻ
ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ കന്നട നടൻ ദർശന് ജാമ്യം നൽകിയ കേസിൽ സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാവുമെന്ന് ദർശനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. ഹൈകോടതി ദർശന് ജാമ്യം നൽകിയതിനെ എതിർത്ത് ബംഗളൂരു പൊലീസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. ദർശന്റെ നിയമസംഘം കപിൽ സിബലിനെ സമീപിച്ച് കേസ് ചരിത്രം, അനുബന്ധ രേഖകൾ, ഹൈകോടതിയിലെ വാദങ്ങൾ, എതിർവാദങ്ങൾ എന്നിവ കൈമാറിയിട്ടുണ്ട്.
മാർച്ച് 18നാണ് കേസ് പരിഗണിക്കുന്നത്.ഡിസംബർ 13ന് നടൻ ദർശനും അടുത്ത സുഹൃത്ത് പവിത്ര ഗൗഡയും മറ്റ് പ്രതികളും ജാമ്യം നേടിയിരുന്നു. ഹൈകോടതി വിധി ചോദ്യം ചെയ്ത് ഡിസംബർ അവസാനം ബംഗളൂരു പൊലീസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അഭിഭാഷകൻ അനിൽ നിഷാനി മുഖേന സർക്കാർ 1,492 പേജുള്ള രേഖകളുമായി അപ്പീൽ സമർപ്പിച്ചു.
1,492 പേജുള്ള രേഖകളിൽ ഹൈകോടതി ജാമ്യ ഉത്തരവ്, കാമാക്ഷിപാളയ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെയും പരാതിയുടെയും പകർപ്പ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പ്രതിയെ അറസ്റ്റ് ചെയ്തതിന്റെ കാരണങ്ങൾ, കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിന്റെ വിവർത്തനം, ദൃക്സാക്ഷികളുടെ മൊഴികളുടെ വിവർത്തനം, ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ (എഫ്.എസ്.എൽ) റിപ്പോർട്ട്, കോൾ ഡീറ്റെയിൽ രേഖകൾ, പഞ്ചനാമ റിപ്പോർട്ട്, പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ മെറ്റീരിയലുകളുടെ വിശകലനം, സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ്, ദർശന് അനുവദിച്ച ഇടക്കാല ജാമ്യ ഉത്തരവിന്റെ പകർപ്പ്, ജയിലിൽനിന്ന് ദർശനെക്കുറിച്ച് സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട്, ബി.ജി.എസ് ആശുപത്രി ഡോക്ടറുടെ റിപ്പോർട്ട് എന്നിവ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

