കന്നട പഠനകേന്ദ്രം പഠിതാക്കൾക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു
text_fieldsകർണാടക സർക്കാറിന്റെ അംഗീകാരം നേടിയ കന്നടപഠന കേന്ദ്രം പഠിതാക്കൾക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചപ്പോള്‍
ബംഗളൂരു: കർണാടക സർക്കാറിന്റെ അംഗീകാരം നേടിയ കന്നട പഠനകേന്ദ്രം പഠിതാക്കൾക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ് വൈറ്റ്ഫീൽഡിലെയും ബ്രിഗേഡ് കോർണർ സ്റ്റോൺ യൂട്ടോപ്യയിലേയും പഠിതാക്കൾക്കാണ് കന്നട വികസന അതോറിറ്റി പ്രസിഡൻറ് ഡോ. പുരുഷോത്തമൻ ബിളിമലയില് സര്‍ട്ടിഫിക്കറ്റുകള്‍ നൽകിയത്.
കന്നട വികസന അതോറിറ്റിയുടെ പ്രത്യേക പരിശീലനം നേടിയ റെബിൻ രവീന്ദ്രൻ, പ്രഫ. വി.എസ്. രാകേഷ് എന്നിവരുടെ സഹകരണത്തോടെ ഡോ. സുഷമ ശങ്കറിന്റെ നേതൃത്വത്തിൽ മേയ് നാലുമുതൽ ജൂലൈ 30 വരെ ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിലും ആഗസ്റ്റ് 23 മുതൽ ഡിസംബർ രണ്ട് വരെ ബി.സി.യുവിലും എട്ട് മാസമായി കന്നട പറയാനും വായിക്കാനും എഴുതാനും പഠിച്ച അറുപതോളം പേർക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. 25 മുതൽ 75 വയസ്സ് വരെ പ്രായമുള്ള മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, മറാഠി, ബിഹാറി, ആസാമി, രാജസ്ഥാനി മുതലായ വിവിധ ഭാഷകളിലുള്ള പഠിതാക്കൾ അഭിമാനത്തോടെ കന്നടയിൽ സംസാരിച്ചപ്പോൾ സദസ്സിൽ ഹർഷാരവം മുഴങ്ങി.
ബംഗളൂരുവിലെ പ്രവാസികൾക്ക് വേണ്ടി കർണാടക സർക്കാർ ആവിഷ്കരിച്ച പദ്ധതി തികച്ചും മാതൃകാപരമാണെന്ന് യോഗാധ്യക്ഷൻ ബ്രിഗേഡ് യുട്ടോപ്യ ഗ്രൂപ്പ് ഡെപ്യൂട്ടി ജനറൽ മാനേജർ കേണൽ തിരുനാവുക്കരസ് പറഞ്ഞു. മലയാളി പ്രവാസികൾക്ക് വേണ്ടി കന്നട വികസന അതോറിറ്റിയുടെയും മലയാളം മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ കന്നട പഠന ക്ലാസുകൾ നടക്കുന്നുണ്ട്.
ബ്രിഗേഡ് എസ്റ്റേറ്റ് മാനേജർ ഡോ. മാല്യാദ്രി സമാപന സമ്മേളനത്തിന് നേതൃത്വം നൽകി. പതിനേഴ് വർഷമായി സൗജന്യമായി കന്നട പഠിപ്പിക്കുന്ന ഡോ. സുഷമ ശങ്കറിനെ ഡോ. പുരുഷോത്തമൻ ബിളിമല പൊന്നാട അണിയിച്ചു. ദ്രാവിഡ ഭാഷ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറും തൊദൽനുടി കന്നട മാസിക എഡിറ്ററുമായ സുഷമ കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ സ്വദേശിയാണ്. അടുത്ത ക്ലാസ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ ഞായറാഴ്ച ആരംഭിക്കും. താൽപര്യമുള്ളവർ 9901041889, 9742853241 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

