പോസ്റ്റ് ഓഫിസുകളിൽ കന്നട പുറത്ത്
text_fieldsബംഗളൂരു: പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന തപാൽ സേവനങ്ങൾ സംസ്ഥാനത്ത് ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് ലഭിക്കുന്നത്. ഇവ പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ പൂരിപ്പിക്കുന്നതിന് പ്രയാസമുണ്ടാക്കുന്നു. 2014ല്‍ സംസ്ഥാനത്തുടനീളം കന്നട അനുകൂല പ്രവർത്തകരുടെ വ്യാപകമായ പ്രതിഷേധങ്ങൾ കാരണം ഇംഗ്ലീഷിനൊപ്പം കന്നടയിലും ചലാനുകളും സ്ലിപ്പുകളും അവതരിപ്പിക്കാൻ തപാൽ വകുപ്പ് നിർബന്ധിതരായിരുന്നു. സമീപ വർഷങ്ങളിൽ മിക്ക പോസ്റ്റ് ഓഫിസ് ഇടപാടുകളും കന്നട ഉപേക്ഷിച്ച് ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും തിരിച്ചുവന്നു.
ജൻ ധൻ പദ്ധതി പ്രകാരം സ്ത്രീകൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ചെറിയ തുക മാറ്റിവെക്കുന്നതിനായി പോസ്റ്റ് ഓഫിസുകളിൽ സേവിങ്സ് അക്കൗണ്ടുകൾ തുറന്നു. ഇവ നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഗ്രാമവാസികള്‍ മിക്കപ്പോഴും സഹായത്തിനായി കുടുംബാംഗങ്ങളെ കൂട്ടിയാണ് ഓഫിസില്‍ എത്തുന്നത്.
ഇതുമൂലം വാർധക്യ പെൻഷന്, വിധവ പെൻഷന്, വികലാംഗ അലവൻസുകൾ എന്നിവയുൾപ്പെടെയുള്ള സാമൂഹിക സുരക്ഷ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് എല്ലാ മാസവും സമാനമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. ചലാനുകളും മറ്റു രേഖകളും കന്നടയിൽ അച്ചടിച്ചിട്ടുണ്ടെങ്കിലും അവ പോസ്റ്റ് ഓഫിസുകളിൽ വിതരണം ചെയ്യുന്നില്ല. നിയമപരമായ കാരണങ്ങൾ ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അപേക്ഷകരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് വ്യക്തമായ നടപടികൾ വകുപ്പ് സ്വീകരിച്ചിട്ടില്ല. സംസ്ഥാന സർക്കാറും, കന്നട വികസന അതോറിറ്റിയും, കന്നട സാഹിത്യ പരിഷത്തും, മറ്റു കന്നട സംഘടനകളും ഈ വിഷയം ശ്രദ്ധിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

