കർണാടകയുടെ സ്വത്വഭാഷ കന്നടയെന്ന് സിദ്ധരാമയ്യ
text_fieldsഅക്കാദമി അവാർഡുകൾ വിതരണം ചെയ്ത് മുഖ്യമന്ത്രി സംസാരിക്കുന്നു
ബംഗളൂരു: കർണാടകയുടെ കന്നടയാണെന്നും അരെഭാഷെ പോലുള്ള പ്രാദേശിക ഭാഷകൾ അതിനെ സമ്പന്നമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കന്നട സാംസ്കാരിക വകുപ്പും കർണാടക അരെഭാഷെ സാംസ്കാരിക സാഹിത്യ അക്കാദമിയും ചേർന്ന് രവീന്ദ്ര കലാക്ഷേത്രയിൽ സംഘടിപ്പിച്ച 2024ലെ അരെഭാഷെ അക്കാദമി ഓണർ അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണ കന്നട, കുടക് ജില്ലകളിലാണ് അരെഭാഷ സംസാരിക്കുന്ന ഗൗഡകൾ കൂടുതലും താമസിക്കുന്നതെന്നും മൂന്ന് ലക്ഷത്തിലധികം ജനസംഖ്യയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹേമാവതി നദി വറ്റിപ്പോയ വരൾച്ചക്കാലത്ത് സക്ലേഷ്പൂരിൽനിന്ന് സുള്ള്യയിലേക്ക് സമൂഹം നടത്തിയ നീക്കത്തെക്കുറിച്ച് 1882ലെ ഗസറ്റിൽനിന്നുള്ള ചരിത്ര പരാമർശങ്ങൾ അദ്ദേഹം ഓർമിപ്പിച്ചു.
കാലക്രമേണ തുളു, കൊങ്കണി, കന്നട എന്നിവയുടെ മിശ്രിതം അരെഭാഷക്ക് കാരണമായി. 'ഞാൻ പോകുന്നു' എന്നതിന് വോണെയും 'ഞാൻ വരുന്നു' എന്നതിന് ബാനെയും പോലുള്ള വാക്കുകൾ ചില ശബ്ദങ്ങൾ എങ്ങനെ ഒഴിവാക്കപ്പെട്ടുവെന്നും അത് ഭാഷാഭേദത്തെ രൂപപ്പെടുത്തിയെന്നും പ്രതിഫലിപ്പിക്കുന്നു. ഗൗഡ സമുദായത്തിൽനിന്നുള്ള ഈ സമൂഹം ഒരു പ്രത്യേക സാംസ്കാരിക സ്വത്വം വഹിക്കുന്നുണ്ട്.
അരഭാഷാ പ്രഭാഷകനായ കുറുഞ്ഞി വെങ്കടരാമനഗൗഡയുമായുള്ള പരിചയം സിദ്ധരാമയ്യ ഓർമിച്ചു, കർണാടകയിൽ ഏകദേശം 230 ചെറുകിട ഭാഷകളും ഉപഭാഷകളുമുണ്ടെന്നും അവയെല്ലാം കന്നടയുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നെന്നും ചൂണ്ടിക്കാട്ടി. അരെഭാഷ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരണമെന്ന് മുഖ്യമന്ത്രി അക്കാദമിയോട് ആവശ്യപ്പെട്ടു.
തീരദേശ മേഖലയിലെ നാദഗൗഡ സമുദായത്തിന് നേരത്തേ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും നിലവിലെ 50 ലക്ഷം രൂപക്കുള്ള അഭ്യർഥന നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ആവശ്യങ്ങൾ പരിശോധിച്ച് പരിഹരിക്കുമെന്ന് ഉറപ്പുനൽകി. മടിക്കേരിയിലെ അരെഭാഷെ ഗൗഡകൾക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നിർദേശം അടുത്ത മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചു.
ഈ വർഷത്തെ അരെഭാഷേ അക്കാദമി ഓണർ അവാർഡുകൾ ലഭിച്ച കെ.ആർ. ഗന്ധാധര, യു.പി. ശിവാനന്ദ, ഡി.എസ്. ആനന്ദ് എന്നിവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി ബൈരതി സുരേഷ്, നിയമസഭാംഗങ്ങൾ, മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് പൊന്നണ്ണ എം.എൽ.എ, ആചാരണ ഗൗഡ, കന്നട വികസന അതോറിറ്റി ചെയർമാൻ പുരുഷോത്തമ ബിലിമലെ, അരെഭാഷെ അക്കാദമി ചെയർമാൻ സദാനന്ദ മാവിജി, കന്നട, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഗായത്രി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

