കൺകുളിർമയേകും കുടുംബം’ കാമ്പയിൻ സമാപിച്ചു
text_fieldsജമാഅത്തെ ഇസ്ലാമി ശിവാജി നഗർ ഏരിയ സംഘടിപ്പിച്ച ഏരിയ സമ്മേളനത്തിൽ സോളിഡാരിറ്റി കേരള പ്രസിഡന്റ് സി.ടി. സുഹൈബ് സംസാരിക്കുന്നു
ബംഗളൂരു: ‘കൺകുളിർമയേകും കുടുംബം’ എന്ന പ്രമേയത്തിൽ ജനുവരി 10 മുതൽ ഫെബ്രുവരി നാലുവരെ ജമാഅത്തെ ഇസ്ലാമി ശിവാജി നഗർ ഏരിയ സംഘടിപ്പിച്ച കുടുംബ കാമ്പയിൻ ഏരിയ സമ്മേളനത്തോടെ സമാപിച്ചു. സോളിഡാരിറ്റി കേരള പ്രസിഡന്റ് സി.ടി. സുഹൈബ് മുഖ്യപ്രഭാഷണം നടത്തി.
കുടുംബബന്ധം നീതിയിലധിഷ്ഠിതമായിരിക്കണമെന്നും പരസ്പരം സഹകരിച്ചും ചേർത്തുനിർത്തിയും മുന്നോട്ടുപോകണമെന്നും ഖുർആനിന്റെയും തിരുവചനങ്ങളുടെയും വെളിച്ചത്തിൽ അദ്ദേഹം ഓർമപ്പെടുത്തി. ഏരിയ വനിത കൺവീനർ വി.പി. സമീറ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് എ.പി. അമീൻ അധ്യക്ഷത വഹിച്ചു.
ബാംഗ്ലൂർ മേഖല വൈസ് പ്രസിഡന്റ് ശംലി സാബു, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് അനീസ് എന്നിവർ സംസാരിച്ചു. കാമ്പയിനിന്റെ ഭാഗമായി നടന്ന മത്സരങ്ങളുടെ സമ്മാനങ്ങൾ വേദിയിൽ വിതരണം ചെയ്തു. ‘സ്വർഗം പൂക്കും കുടുംബം’ എന്ന പുസ്തക റിവ്യൂ മത്സരത്തിൽ ഹെഗ്ഡെ നഗർ വനിത ഹൽഖ വിജയികളായി. ഓൺലൈൻ ക്വിസ് മത്സരത്തിൽ നിഷിദ, ശഹീറ, യുസ്റ, അജ്മൽ എന്നിവരും അടിക്കുറിപ്പ് മത്സരത്തിൽ അഡ്വ. ബുഷ്റ, ശഹീറ അബ്ദുല്ല, നിഷിദ എന്നിവരും സമ്മാനം നേടി.

