കല്ലട്ക്ക പ്രഭാകറിനെ അറസ്റ്റ് ചെയ്യണം- ദക്ഷിണ കന്നട ജില്ല ഐക്യവേദി
text_fieldsമംഗളൂരു: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ മുതിർന്ന ആർ.എസ്.എസ് നേതാവ് ഡോ.കല്ലട്ക്ക പ്രഭാകർ ഭട്ടിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദക്ഷിണ കന്നട ജില്ല ഐക്യവേദി പ്രസിഡന്റ് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി.രമാനാഥ റായ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റുമായ മുനീർ കാട്ടിപ്പള്ള എന്നിവർ വ്യാഴാഴ്ച മംഗളൂരുവിൽ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സി.പി.ഐ, സി.പി.എം, ദലിത് സംഘർഷ വേദി, കർഷക സമിതി തുടങ്ങിയ സംഘടനകൾ ഉൾപ്പെട്ടതാണ് ഐക്യവേദി. പ്രഭാകർ ഭട്ട് നേരത്തേയും വിദ്വേഷം വിതക്കുന്ന പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ടെന്ന് റായ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മത വിഭാഗീയത വളർത്താനുള്ള നീക്കമാണിത്. ഭട്ടിന്റെ പരാമർശങ്ങൾ മുസ്‌ലിം വിദ്യാർഥിനിക്ക് മാത്രമല്ല മുഴുവൻ സ്ത്രീകൾക്കും അപകീർത്തികരമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ജെ.ഡി.എസ് വനിത വിഭാഗം കർണാടക സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് നജ്മ നാസർ ചിക്കനെരലെ നൽകിയ പരാതിയിലാണ് ആർ.എസ്.എസ് നേതാവിനെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ ജെ.ഡി.എസ് കർണാടക സംസ്ഥാന പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാര സ്വാമി പ്രഭാകർ ഭട്ടിന്റെ പക്ഷത്ത് ഉറച്ചു നിൽക്കുകയാണ്.
ഭട്ടിനെതിരെ നേരത്തെ നടത്തിയ വിമർശനങ്ങളിൽ കുമാരസ്വാമി പൊതുവേദിയിൽ നിരുപാധികം ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ജെഡിഎസ് സ്വാധീന മേഖലയിൽ ആർ.എസ്.എസ് നേതാവ് പ്രകോപന പ്രസംഗം നടത്തിയത്. ചിലർ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായാണ് താൻ ഭട്ടിനെ വിമർശിച്ചത് എന്നാണ് ദക്ഷിണ കന്നട കല്ലടുക്ക ശ്രീരാമ സ്കൂളിൽ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ക്രീഡോത്സവ പരിപാടിയിൽ സംസാരിക്കവെ കുമാരസ്വാമി തിരുത്തിയത്.
പ്രഭാകർ ഭട്ട് നടത്തുന്ന ശ്രീരാമ സ്കൂൾ ഉൾപ്പെടെ മുഴുവൻ സ്ഥാപനങ്ങളും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതും ഉന്നത നിലവാരം പുലർത്തുന്നവയുമാണെന്നാണ് കുമാരസ്വാമി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

