കലബുറഗി-ബംഗളൂരു വന്ദേഭാരത് ഉദ്ഘാടന സർവിസ് ഇന്ന്
text_fieldsബംഗളൂരു: കല്യാണ കർണാടക (പഴയ ഹൈദരാബാദ് -കർണാടക) മേഖലക്ക് ആദ്യത്തെ വന്ദേഭാരത് സർവിസ് അനുവദിച്ച് റെയിൽവേ. കലബുറഗിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള കലബുറഗി-എസ്.എം.വി.ബി വന്ദേഭാരത് സ്പെഷൽ ട്രെയിനിന്റെ ഉദ്ഘാടന സർവിസ് ശനിയാഴ്ച പുറപ്പെടും. വൈകീട്ട് 5.10ന് കലബുറഗിയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 4.15ന് ബംഗളൂരുവിലെത്തും. മാർച്ച് 12ന് സ്ഥിരം സർവിസ് ആരംഭിച്ചേക്കും.
പതിവു സർവിസ് പുലർച്ചെ 5.30ന് കലബുറഗിയിൽനിന്ന് ആരംഭിച്ച് ഉച്ചക്ക് രണ്ടിന് ബംഗളൂരുവിലെത്തുകയും ഉച്ചക്ക് 2.30ന് തിരികെ പുറപ്പെടുന്ന ട്രെയിൻ രാത്രി 11ന് കലബുറഗിയിലെത്തുകയും ചെയ്യുന്ന രീതിയിലാണ് ഷെഡ്യൂൾ ഒരുക്കുന്നത്. യാത്രാ ഷെഡ്യൂളിന്റെയും സ്റ്റോപ്പുകളുടെയും കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. റായ്ചുർ, ഗുണ്ട്കൽ, അനന്താപുർ, ധർമാവരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകുമെന്നാണ് വിവരം.

