കൈരളി കലാസമിതി സാഹിത്യ പുരസ്കാരം എൻ.എസ്. മാധവന് സമ്മാനിച്ചു
text_fieldsവിമാനപുരയില്‍ നടന്ന സാഹിത്യോത്സവത്തിൽ കൈരളി കലാസമിതി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ എൻ.എസ്. മാധവന് ജ്ഞാനപീഠ അവാർഡ് ജേതാവ് ഡോ. ചന്ദ്രശേഖര കമ്പാർ കൈമാറുന്നു
ബംഗളൂരു: കൈരളി കലാസമിതി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ എൻ.എസ്. മാധവന് സമ്മാനിച്ചു. വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തില്‍ നടന്ന സാഹിത്യോത്സവ സമാപന ചടങ്ങിൽ ജ്ഞാനപീഠ അവാർഡ് ജേതാവും കന്നട സാഹിത്യകാരനുമായ ഡോ. ചന്ദ്രശേഖര കമ്പാർ പുരസ്കാരം കൈമാറി. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പ്രസിഡന്റ് സുധാകരന് രാമന്തളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സുഭാഷ് ചന്ദ്രന്, റഫീക്ക് അഹമ്മദ്, ഇ.പി രാജഗോപാലന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.
തനിക്ക് ഏറ്റവുമധികം സന്തോഷം നൽകുന്ന ദിവസമാണിതെന്നും ചെറുപ്പം മുതൽ വായിച്ചറിഞ്ഞ ചന്ദ്രശേഖര കമ്പാറിൽനിന്ന് സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും എൻ.എസ്. മാധവൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. മലയാളത്തിലെ ഒന്നാംനിര പുരസ്കാരങ്ങളുടെ ഇടയിലേക്ക് ഈ പുരസ്കാരം വളരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. രാവിലെ 11ന് ആരഭിച്ച സാഹിത്യോത്സവം ഉദ്ഘാടന സെഷനില്‍ ജനറൽ സെക്രട്ടറി പി. കെ സുധീഷ് സ്വാഗതം പറഞ്ഞു. മലയാള നോവല്‍ ‘ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തില്‍ സുഭാഷ് ചന്ദ്രൻ പ്രഭാഷണം നടത്തി.
കൈക്കുമ്പിളിൽ കോരിയെടുക്കുന്ന ജലംപോലെ സമയം ഊർന്നുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരുടെ സർഗാത്മകതയിൽ സമുദ്രത്തിന്റെയും കാടിന്റെയും കഥകൾ കുറവാണ്. ലോകമെമ്പാടുമുള്ള മനുഷ്യരുടെ തീൻമേശയിൽ കടലിലെ ഉപ്പിന്റെയും കാട്ടിലെ കുരുമുളകിന്റെയും രുചികൾ നാവിൽ ചേരുമ്പോഴാണ് രസം ഉണ്ടാകുന്നത്. അതുപോലെ മനുഷ്യർ വായിക്കുമ്പോൾ അവന്റെ സർഗാത്മകതയിൽ കാടിന്റെ ഒരു പങ്കും കടലിന്റെ ഒരു പങ്കും വേണം. ഭാവിയിലെ കഥാകൃത്തുക്കൾ ഇവ രണ്ടും എടുക്കണം. എല്ലാത്തിനെയും ചേർത്തുനിർത്തുമ്പോഴാണ് എഴുത്ത് പൂർണമാകുന്നത്. ഇത്രയുംകാലം സാഹിത്യകാരന്മാർ നിർമിച്ച രസങ്ങൾ ഉള്ളതുകൊണ്ടാണ് മനുഷ്യൻ ഉള്ളിലെ കാടിനെ മെരുക്കി നല്ലവനായി ജീവിക്കുന്നത്. എന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു.
ലോകം നിർമിതമായത് ആറ്റങ്ങൾകൊണ്ടല്ല; മറിച്ച്, കഥകൾകൊണ്ടാണെന്ന് ‘കഥയുടെ ജീവിതം’ എന്ന വിഷയത്തില്‍ സംസാരിക്കവെ ഇ.പി രാജഗോപാലൻ പറഞ്ഞു. കഥ എന്നത് മൗനത്തിന്റെ വാക്കാണ്. മിണ്ടാൻ ആഗ്രഹിക്കുന്ന ആളുകളാണ് കഥയുണ്ടാക്കുന്നത്. മനുഷ്യൻ ഓർമകൾ കഥയുടെ രൂപത്തിലാണ് ഓർത്തുവെക്കുന്നത്. ഓർമകളെ പരിപാലിക്കുന്നത് കഥയുടെ ഘടനയിലാണെന്നും അദ്ദേഹം പറഞ്ഞു. ദീർഘമായ വായന എന്ന കഴിവ് ഇന്നത്തെ തലമുറക്ക് നഷ്ടമായോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ചാറ്റ് ജി.പി.ടി എഴുതിയ രചനകൾക്ക് മികച്ച പുരസ്കാരങ്ങൾ ലഭിക്കുന്ന കാലമാണിതെന്നും ‘ഡിജിറ്റല്‍ കാലത്തെ സാഹിത്യം’ എന്ന വിഷയം ആസ്പദമാക്കി എന്‍.എസ്. മാധവൻ പറഞ്ഞു.
പുസ്തകം പുസ്തക മുതലാളിമാരുടെ ആവശ്യമായി മാറിയിരിക്കുന്നു. സാഹിത്യത്തിലെ വാണിജ്യ വത്കരണവും എഴുതാനുള്ള കഴിവ് മെഷീനുകൾ ഏറ്റെടുത്തതും ഏറെ ഗൗരവമുള്ള വിഷയമാണ്. ആരാണ് മെഷീൻ സൃഷ്ടികളുടെ ഉടമ എന്നതും സാഹിത്യത്തിൽ സാഹിത്യകാരൻ ഇല്ലാതാകുന്നു എന്ന സ്ഥിതി വരുന്നുവെന്നതും ഇന്ന് നേരിടുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഡെന്നിസ് പോൾ, ബ്രിജി എന്നിവരും ആദ്യ സെഷനിൽ പങ്കെടുത്തു. തുടര്‍ന്ന് മലയാള നാടകവേദിയുടെ ഭൂതവും വര്‍ത്തമാനവും ചര്‍ച്ചചെയ്യുന്ന ‘നാടകത്തിലെ പരിണാമ ദിശകള്‍’ എന്ന സംവാദം നടന്നു. ഇ.പി രാജഗോപാലന്‍, പ്രകാശ് ബാരെ, ജോസഫ് നീനാസം, അനില്‍ രോഹിത് എന്നിവര്‍ പങ്കെടുത്തു.
തുടർന്ന് നടന്ന കവിയരങ്ങില്‍ ടി.പി വിനോദ്, ഇന്ദിര ബാലന്, രമ പ്രസന്ന പിഷാരടി, ബിന്ദു സജീവ്, അനില്‍ മിത്രാനന്ദ പുരം, അനിത ചന്ദ്രോത്ത്, ശ്രീലത ഉണ്ണി, സിന സി.കെ, ഉണ്ണികൃഷ്ണന് വൈഷ്ണവം എന്നിവര്‍ പങ്കെടുത്തു. ‘സമകാലിക കവിത’ എന്ന വിഷയത്തില്‍ റഫീക്ക് അഹമ്മദ് പ്രഭാഷണം നിര്‍വഹിച്ചു.
സമാപന സെഷനിൽ കൈരളി കലാസമിതി സെക്രട്ടറി പി.കെ സുധീഷ് സ്വാഗതവും സംഘടക സമിതി കണ്‍വീനര്‍ ബി. രാജശേഖരന് നന്ദിയും പറഞ്ഞു. വിജയകുമാർ, വി.എം. രാജീവൻ, പി.കെ. സുധീഷ്, രാധാകൃഷ്ണൻ നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടര്‍ന്ന് തമിഴ് മഹാകവി ഇളങ്കോവടികളുടെ ഇതിഹാസ കാവ്യത്തിന്റെ രംഗാവിഷ്കാരമായി ‘ചിലപ്പതികാരം’ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

