Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകടമ്മനിട്ട രാമകൃഷ്ണൻ...

കടമ്മനിട്ട രാമകൃഷ്ണൻ ചരിത്രത്തിൽ ഇല്ലാത്ത കീഴാളരെ കവിതയിൽ ചരിത്രമാക്കിയ കവി -കെ.വി. പ്രശാന്ത് കുമാർ

text_fields
bookmark_border
കടമ്മനിട്ട രാമകൃഷ്ണൻ ചരിത്രത്തിൽ ഇല്ലാത്ത കീഴാളരെ കവിതയിൽ ചരിത്രമാക്കിയ കവി -കെ.വി. പ്രശാന്ത് കുമാർ
cancel
camera_alt

കെ.​വി. പ്ര​ശാ​ന്ത് കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ബംഗളൂരു: എം.ജി.എസ് നാരായണൻ അടക്കമുള്ളവരുടെ യൂനിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ പറയർ, ആദിവാസികൾ എന്നിവരെക്കുറിച്ചോ ഒരു വാക്കുപോലും ഇല്ലെന്നും ചരിത്രത്തിന് പുറത്തു നിർത്തിയ കുറത്തിയെയും ആദിവാസികളെയും ദലിതരെയും കവിതയിലൂടെ ചരിത്രമാക്കിയ കവിയാണ് കടമ്മനിട്ട രാമകൃഷ്ണനെന്നും എഴുത്തുകാരനും പ്രഭാഷകനുമായ കെ.വി പ്രശാന്ത് കുമാർ പറഞ്ഞു.

കേരളസമാജം ദൂരവാണിനഗറിന്റെ പ്രതിമാസ സാഹിത്യ സംവാദത്തിൽ ‘കടമ്മനിട്ട കവിതകളും കവിതയുടെ പുതു വഴികളും’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ആരുടെ നാടാണ് കേരളം എന്നത് കുറത്തിയിലൂടെയും കാട്ടാളനിലൂടെയും ശാന്തയിലൂടെയും അതുപോലുള്ള മറ്റു പല കവിതകളിലൂടെയും കടമ്മനിട്ട മലയാളിയുടെ പൊതുബോധത്തിലേക്ക് സംക്രമിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കടമ്മനിട്ട കവിതകൾ ഇന്നും നമ്മൾ ചർച്ച ചെയ്യുന്നത്.

സാൾട്ട് ആൻഡ് പെപ്പർ എന്ന മലയാള സിനിമയിൽ ഒരു കഥാപാത്രം മദ്യലഹരിയിൽ ഒരു ആദിവാസി മൂപ്പനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നുണ്ട്. രാവിലെ ഉണർന്ന് കെട്ടിപ്പിടിച്ചത് ആദിവാസി മൂപ്പനെയായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ആ കഥാപാത്രം ഞെട്ടിത്തെറിക്കുന്നുണ്ട്. ഈ ദൃശ്യം കേരളീയ പൊതുബോധത്തിന്റെ ഒന്നാന്തരം ആവിഷ്‌കാരമാണ്. അധഃസ്ഥിതരുടെ കണ്ണീരും വേദനകളും കിനാവും അമർഷവും ആവിഷ്‌കരിക്കാൻ കവിതയെ കലാപമാക്കിയ കവിയാണ് കടമ്മനിട്ട. ചില്ലിട്ടു വെച്ചിരുന്ന കാവ്യ ബോധത്തെ കടമ്മനിട്ട ഉടച്ചു വാർത്തു ശുദ്ധമാക്കുകയായിരുന്നു.

ചരിത്രം ഒരു ജപമാലയല്ലെന്നും ആപദ്ഘട്ടങ്ങളിൽ അത് നമ്മൾ കൈയെത്തിപ്പിടിക്കേണ്ട ഓർമയാണെന്നും വർത്തമാനത്തെ മാനവീകരിക്കാൻ ഉപകരണമാകേണ്ടതാണെന്നും ജർമൻ ചിന്തകനായ വാൾട്ടർ ബെഞ്ചമിൻ പറയുകയുണ്ടായി. കടമ്മനിട്ട ചരിത്രത്തെ ആ നിലയിൽ കവിതയിൽ പ്രയോഗിച്ച കവിയാണ്. കണ്ണൂർ കോട്ട കാണുമ്പോൾ കടമ്മനിട്ട സ്വപ്നം കാണുന്നത് ദുർനീതികളുടെ എല്ലാ കോട്ടകളും ചരിത്രസ്മാരകങ്ങൾ ആകും എന്നാണ്. അധികാരമാളുന്ന എല്ലാ ജനവിരുദ്ധ സുൽത്താന്മാരും ഇരുളടഞ്ഞ ഗുഹകളിലൂടെ ഒളിച്ചോടും എന്നുമാണ്.

ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് വാളയാറിലും ഹിന്ദുവാണെന്നതിന്റെ പേരിൽ ബംഗ്ലാദേശിലും മനുഷ്യരെ കൊല്ലുന്നത് അപരൻ എന്ന സ്വത്വം വളർത്തിയതിന്റെ പേരിലാണ്. കടമ്മനിട്ടയെപ്പോലുള്ള കവികൾ അപരത്വം തകർക്കാനാണ് കവിതയിലൂടെ ശ്രമിച്ചത്. തിന്മകളെ ചെറുക്കുന്ന പ്രതികരണ ശേഷിയുള്ളവരായി മനുഷ്യർ മാറുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാവുക. മനുഷ്യരെ നീതിയുടെ പടയാളികളാക്കാനാണ് കടമ്മനിട്ട കവിതകളിലൂടെ ശ്രമിച്ചത്. കാട്ടാളനും കിരാതവൃത്തവുമൊക്കെ തിന്മയുടെ താണ്ഡവങ്ങൾക്കെതിരെ അലറിവിളിക്കുന്നത് ഈ ജനാധിപത്യ ബോധ സംക്രമണത്തിനാണ്.

കടമ്മനിട്ട രാമകൃഷ്ണൻ കവിതകൾ ചൊല്ലാത്ത ഒരു പഞ്ചായത്തും കേരളത്തിൽ ഉണ്ടാവില്ല. പലയിടത്തും അന്ന് വൈദ്യുതി എത്തിയിട്ടില്ല. വെളിച്ചമില്ലാത്ത തെരുവുകളിൽ പെട്രോമാക്സ് കത്തിച്ചുവെച്ചാണ് കടമ്മനിട്ട അന്ന് കവിതകൾ ചൊല്ലിയിരുന്നത്. അദ്ദേഹത്തിന്റേത് അവതരണ കവിത ആയിരുന്നു. ഒരിക്കൽ അദ്ദേഹം പയ്യന്നൂരിൽ വന്ന് വീട്ടിൽ തങ്ങിയപ്പോൾ ഒരു ഡോക്ടറുടെ അടുത്ത് രോഗികൾ എന്ന പോലെയായിരുന്നു ആസ്വാദകർ ഒന്നിന് പിറകെ ഒന്നായി വന്ന് കണ്ട് സംസാരിച്ചു പോയത്.

ജീവിതം വഴിമുട്ടുന്ന കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രക്ഷോഭമാണ് കലയും സാഹിത്യവും. കവിത ജനകീയമാക്കുന്നതിലും ആധുനിക റാപ് സംഗീതത്തിലേക്ക്‌ പാലമായി വർത്തിക്കുന്നതിലും കടമ്മനിട്ടയുടെ ചൊൽക്കാഴ്ചകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കാട് കട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും എന്ന് വേടൻ പാടുന്നത് കടമ്മനിട്ടയുടെ തുടർച്ചയായി വേണം കാണാൻ.

ആശാൻ, വള്ളത്തോൾ, ഉള്ളൂർ എന്ന കവിത്രയങ്ങളുടെ കാലത്തുതന്നെ കവിതയെ ജീവിതത്തിലേക്കും ജീവിതത്തെ കവിതയിലേക്കും കൊണ്ടുവരാനുള്ള ശ്രമം നടന്നിട്ടുണ്ട്. കൊൽക്കത്തയിൽ ആയിരുന്നപ്പോൾ ആശാൻ രവീന്ദ്രനാഥ് ടാഗോറിന്റെ ഒരു നാടകം കാണാൻ ഇടയായി. ചണ്ഡാളികയായ ഒരു യുവതി നേരിടുന്ന ദുരന്തമായിരുന്നു നാടകത്തിന്റെ പ്രമേയം. സന്യാസിയാകാൻ തീരുമാനിച്ച ആശാനെ കവിയാക്കി മാറ്റിയത് ഈ നാടകത്തിന്റെ സ്വാധീനമാണ്. കവിത്രയത്തെ തുടർന്ന് വന്ന ചങ്ങമ്പുഴ, പി. ഭാസ്കരൻ, വയലാർ, ഒ.എൻ.വി തുടങ്ങിയ കവികളുടെ സഞ്ചാര പഥങ്ങളിലൂടെ സഞ്ചരിച്ച് ഏറെ മുന്നോട്ട് പോയ കടമ്മനിട്ടക്ക്‌ കവിതയെ കൂടുതൽ ജനപ്രിയവും ജനകീയമാക്കുവാനും കഴിഞ്ഞിട്ടുണ്ടെന്ന് പ്രശാന്ത് കുമാർ പറഞ്ഞു.

സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സിനിമാനടനും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ശ്രീനിവാസന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ ആമുഖ പ്രഭാഷണം നടത്തി. സാഹിത്യ വിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ, കെ.വി പ്രശാന്ത് കുമാറിനെയും ജൂബിലി സ്കൂൾ സെക്രട്ടറി കെ. ചന്ദ്രശേഖരക്കുറുപ്പ് ഹിത വേണുഗോപാലിനെയും പരിചയപ്പെടുത്തി.

സമാജം ട്രഷറർ എം.കെ ചന്ദ്രൻ കെ.വി പ്രശാന്ത് കുമാറിനും കെ. ചന്ദ്രശേഖരക്കുറുപ്പ് ഹിത വേണുഗോപാലിനും പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. മുഖ്യ പ്രഭാഷണത്തിനു ശേഷം മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ സംവാദം ഉദ്ഘാടനം ചെയ്തു. സുധാകരൻ രാമന്തളി സംസാരിച്ചു. കെ. ദാമോദരൻ (കുറത്തി), അനഘ (കോഴി), റാണി ശശികുമാർ (മകനോട്), ബിനോജ് (കുറത്തി), സ്മിതാ വത്സല (പരാതി), സൗദ റഹ്മാൻ (മകനോട്), തങ്കമ്മ സുകുമാരൻ (അക്ഷര പ്രഭ), വി.കെ സുരേന്ദ്രൻ (കടമ്മനിട്ട), ടി.ഐ ഭരതൻ (ശാന്ത) എന്നിവർ കടമ്മനിട്ടയുടെ കവിതകൾ ആലപിച്ചു. വൈസ് പ്രസിഡന്റ് എം.പി വിജയൻ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kadammanitta RamakrishnanMemoriesBengaluru Kerala Samajam
News Summary - Kadammanitta Ramakrishnan, the poet who made history of the underprivileged in his poetry - K.V. Prashant Kumar
Next Story