ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം ജസ്റ്റിസ് ജോൺ മൈക്കൾ കമീഷൻ അന്വേഷിക്കും; മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
text_fieldsജസ്റ്റിസ് ജോൺ മൈക്കൾ
ബംഗളൂരു: തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ മരണത്തിനിടയാക്കിയ ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം സുഗമമാക്കുന്നതിനായി, വിരമിച്ച ജസ്റ്റിസ് ജോൺ മൈക്കൾ ഡി. കുൻഹയുടെ നേതൃത്വത്തിലുള്ള ഏകാംഗ കമീഷന്റെ കാലാവധി നീട്ടി കർണാടക സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
മുൻ സർക്കാർ ഭരണത്തിലെ കോവിഡ് തട്ടിപ്പും ചാമരാജനഗർ ജില്ല ആശുപത്രിയിൽ ഓക്സിജൻ അഭാവംമൂലം രോഗികൾ മരിച്ചതും കമീഷൻ നിലവിൽ അന്വേഷിച്ചുവരുകയാണ്. ഇതിന്റെ തുടർച്ചയായി സ്റ്റേഡിയം ദുരന്തവും അന്വേഷിച്ച് നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമീഷനോട് നിർദേശിച്ചു. കഴിഞ്ഞ ബി.ജെ.പി സർക്കാർ ഭരണത്തിലെ കോവിഡ് ക്രമക്കേട് സംബന്ധിച്ച് അക്കൗണ്ട്സ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതും അനുബന്ധ മരണങ്ങളും സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ 2023 ആഗസ്റ്റ് 25ന് ഹൈകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് മൈക്കൽ ഡി. കുൻഹയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷനെ നിയമിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു കമീഷന് ആദ്യം ചുമതല നൽകിയിരുന്നത്. 2023 ഒക്ടോബർ ഏഴിന് ആ കേസിന് പുതിയ നിബന്ധനകളും വ്യവസ്ഥകളും നൽകിക്കൊണ്ടുള്ള മറ്റൊരു വിജ്ഞാപനം സർക്കാർ പുറപ്പെടുവിക്കുകയും 2025 ഡിസംബർ 31 വരെ അതിന്റെ കാലാവധി നീട്ടുകയും ചെയ്തു.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ മരണങ്ങളും പരിക്കുകളും സംബന്ധിച്ച് അന്വേഷണം മാസത്തിനുള്ളിൽ പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാൻ കമീഷനോട് നിർദേശിച്ചിട്ടുണ്ടെന്ന് ശനിയാഴ്ച പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ പറഞ്ഞു. ‘‘കമീഷൻ തിക്കിലും തിരക്കിലും പെട്ട സംഭവത്തിന് മുൻഗണന നൽകുകയും അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യേണ്ടതിനാൽ, കമീഷന്റെ കാലാവധി 2025 ആഗസ്റ്റ് ഒന്ന് ആഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു’’ എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഇതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ സ്റ്റേഡിയം ദുരന്തത്തെക്കുറിച്ച് മൂന്ന് തലങ്ങളിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടു.
ജോൺ മൈക്കൾ ഡി കുൻഹയുടെ നേതൃത്വത്തിലുള്ള കമീഷന്റെ ജുഡീഷ്യൽ അന്വേഷണത്തിന് പുറമേ, ബംഗളൂരു സിറ്റി ഡെപ്യൂട്ടി കമീഷണർ ആൻഡ് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സി.ഐ.ഡി) അന്വേഷണം എന്നിവ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഹൈകോടതി സ്വമേധയാ പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നതിന് മുമ്പുതന്നെ സംഭവത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കാണിക്കാനാണ് സർക്കാർ നീക്കം. ജൂൺ 10ന് കോടതി വിഷയം പരിഗണിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

