തിമറോഡിക്കും മട്ടന്നനവറിനും എതിരെ വീണ്ടും കേസുകൾ
text_fieldsമംഗളൂരു: ധർമസ്ഥലയിൽ 2012ൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പി.യു.സി വിദ്യാർഥിനി സൗജന്യയുടെ (17) കുടുംബത്തിന് നീതി തേടി പ്രവർത്തിക്കുന്ന ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി ചെയർമാൻ മഹേഷ് ഷെട്ടി തിമറോഡി, പ്രവർത്തകൻ ഗിരീഷ് മട്ടന്നനവർ എന്നിവർക്കെതിരെ ബെൽത്തങ്ങാടി പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. സമൂഹ മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനാണ് പുതിയ കേസ്.
ധർമസ്ഥല ഗ്രാമത്തിലെ കെ.ആർ. പ്രവീൺ നൽകിയ പരാതിയിൽ, ഇരുവരും സാമുദായിക ഐക്യം തകർക്കാനും മതവികാരം വ്രണപ്പെടുത്താനും ശ്രമിച്ചതായി പറയുന്നു. ആഗസ്റ്റ് 30ന് യൂട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോയിൽ, മദൻ ബുഗുഡി എന്ന വ്യക്തിയുമായി ചേർന്ന്, ഗിരീഷ് മട്ടന്നവർ സാമൂഹിക സമാധാനം തകർക്കുന്ന പ്രസ്താവന നടത്തിയതായി പരാതിയിൽ പറയുന്നു.
മദൻ ബുഗുഡിയെ മനുഷ്യാവകാശ കമീഷൻ ഉദ്യോഗസ്ഥനായി മാധ്യമങ്ങൾക്ക് മുന്നിൽ തെറ്റായി അവതരിപ്പിച്ചെന്നും അതുവഴി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും കമീഷന്റെ വിശ്വാസ്യതക്ക് മങ്ങൽ വരുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. ഇരുവരും കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ ഗൂഢാലോചന നടത്തിവരികയാണെന്ന് പരാതിക്കാരൻ അവകാശപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, ഗിരീഷ് മട്ടന്നനവർ, മഹേഷ് ഷെട്ടി തിമറോഡി, മദൻ ബുഗുഡി എന്നിവർക്കെതിരെ ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ ഐ.പി.സി സെക്ഷൻ 204, 319(2), 353(2), 3(5) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

