തൊഴിലന്വേഷകർക്ക് സഹായകമായി തൊഴിൽമേള
text_fieldsഎ.ഐ.കെ.എം.സി.സി - എസ്.ടി.സി.എച്ച് സംഘടിപ്പിച്ച മെഗാ തൊഴിൽ മേള കർണാടക ചീഫ് വിപ്പ് സലിം അഹ്മദ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എ.ഐ.കെ.എം.സി.സി - ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി ഏഴാമത് സമൂഹ വിവാഹത്തിന്റെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു.
കർണാടകത്തിനു പുറമെ കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും തൊഴിലന്വേഷകർ മേളയിലെത്തി. ഇത് രണ്ടാം തവണയാണ് എ.ഐ.കെ.എം.സി.സി തൊഴിൽമേള സംഘടിപ്പിക്കുന്നത്.
എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ സഹകരണത്തോടെ എ.എം.പി, ജി ടെക് എന്നിവയാണ് തൊഴിൽമേള സംഘടിപ്പിച്ചത്. 110 കമ്പനികൾ മേളയിൽ പങ്കെടുത്തു. 2568 ഇന്റർവ്യൂ നടന്നതിൽ 227 പേർക്ക് ജോലി ലഭിച്ചു. 836 പേരെ സാധ്യതപട്ടികയിൽ ഉൾപ്പെടുത്തി.
ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയിൽ നടന്ന തൊഴിൽമേള കർണാടക സർക്കാർ ചീഫ് വിപ്പ് സലീം അഹ്മദ് ഉദ്ഘാടനം ചെയ്തു. എ.ഐ.കെ.എം.സി.സി പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. എം.കെ. നൗഷാദ് സ്വാഗതം പറഞ്ഞു. എം .എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹ്മദ് സാജു, നാസർ നീലസാന്ദ്ര, ഡോ. ഷംആൻ, സലാം മുക്കം എന്നിവർ നേതൃത്വം നൽകി.
ഏഴാമത് സമൂഹ വിവാഹം ഞായറാഴ്ച നടക്കും. ശിവാജി നഗറിലെ ഖുദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയിൽ രാവിലെ 10 മുതൽ ചടങ്ങുകൾ ആരംഭിക്കും. 65 ജോഡി വധൂവരന്മാർക്കാണ് മംഗല്യ സൗഭാഗ്യമൊരുക്കുന്നത്. പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യസമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
പ്രഫ. കെ.എം. ഖാദർ മൊയ്തീൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കർണാട മന്ത്രിമാരായ ജി. പരമേശ്വര, ആർ. രാമലിംഗ റെഡ്ഡി, കെ.ജെ. ജോർജ്, ദിനേശ് ഗുണ്ടുറാവു, സമീർ അഹമ്മദ് ഖാൻ, റഹീം ഖാൻ, കൃഷ്ണ ബൈരെ ഗൗഡ, കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ, എം.പിമാരായ ഷാഫി പറമ്പിൽ, ഹാരിസ് ബീരാൻ, ബി.ഡി.എ ചെയർമാനും എം.എൽ.എയുമായ എൻ.എ. ഹാരിസ്, എം.എൽ.എമാരായ റിസ്വാൻ അർഷാദ്, ഉദയ് ബി. ഗരുഡാചാർ, വ്യവസായ പ്രമുഖരായ ബി.എം. ഫാറൂഖ്, സഫാരി സൈനുൽ ആബിദ്, താപ്പി അബ്ദുല്ലക്കുട്ടി ഹാജി, കീഴേടത്ത് ഇബ്രാഹിം ഹാജി, അബ്ദുറഹിമാൻ രണ്ടത്താണി, പാറക്കൽ അബ്ദുല്ല തുടങ്ങി പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിക്കും.
പോണ്ടിച്ചേരി ജിപ്മർ ആശുപതിക്ക് സമീപം സ്ഥാപിക്കുന്ന ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യുമാനിറ്റിയുടെ പ്രഖ്യാപനം, മടിക്കേരിയിൽ പുതുതായി ആരംഭിക്കുന്ന എസ്.ടി.സി.എച്ച് പാലിയേറ്റിവ് ഹോം കെയർ യൂനിറ്റിന്റെ വാഹന സമർപ്പണം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

