ബംഗ്ലാദേശി എന്നാരോപിച്ച് ഝാർഖണ്ഡ് പൗരന് ക്രൂര മർദനം; നാലുപേർക്കെതിരെ കേസ്
text_fieldsമംഗളൂരു: ബംഗ്ലാദേശ് പൗരനെന്ന് ആരോപിച്ച് ഝാർഖണ്ഡിൽ നിന്നുള്ള തൊഴിലാളി യുവാവിനെ നാലുപേർ ചേർന്ന് ആക്രമിച്ചതായി പരാതി. ഭീതി കാരണം സംഭവം യുവാവ് രഹസ്യമാക്കിയെങ്കിലും പൊതുപ്രവർത്തകർ നൽകിയ പരാതിയിൽ മംഗളൂരു കാവൂർ പൊലീസ് നാലുപേർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി കേസെടുത്തു. ഝാർഖണ്ഡ് സ്വദേശിയായ ദിൽജൻ അൻസാരിയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ കുളൂർ സ്വദേശികളായ സാഗർ, ധനുഷ്, ലാലു എന്ന രതീഷ്, മോഹൻ എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
അൻസാരി 15 വർഷത്തോളമായി കർണാടകയിൽ തൊഴിലാളിയാണ്. പ്രതികൾ അദ്ദേഹത്തെ ബംഗ്ലാദേശ് പൗരനാണെന്ന് ആരോപിക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയുമായിരുന്നു. ഝാർഖണ്ഡ് സ്വദേശിയാണെന്ന് അൻസാരി ആണയിട്ടിട്ടും അക്രമികൾ കേൾക്കാൻ വിസമ്മതിക്കുകയും തന്റെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അൻസാരിയുടെ പണിയായുധങ്ങൾ പിടിച്ചുവാങ്ങുകയും അവ ഉപയോഗിച്ച് തുടർച്ചയായി ആക്രമിക്കുകയും ചെയ്തു. അടിയേറ്റ് തലയിൽ നിന്ന് രക്തം വാർന്ന ഇയാളെ പ്രദേശവാസിയായ സ്ത്രീ ഇടപെട്ടാണ് അക്രമികളിൽനിന്ന് രക്ഷിച്ചത്.
ആക്രമണത്തിനും മാനസികാഘാതത്തിനും വിധേയനായിട്ടും ഭയം കാരണം അൻസാരി പൊലീസിനെ സമീപിക്കാൻ മടിച്ചു. സംഭവം പിന്നീട് ചില പ്രാദേശിക നേതാക്കൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

