ജെറോസ സ്കൂൾ പ്രശ്നം: അന്വേഷണത്തിന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ
text_fieldsrepresentational image
മംഗളൂരു: ജെറോസ ഇംഗ്ലീഷ് ഹയർ പ്രൈമറി സ്കൂൾ അധ്യാപിക ക്ലാസിൽ രാമനെയും നരേന്ദ്ര മോദിയെയും അധിക്ഷേപിച്ചെന്ന ചില രക്ഷിതാക്കളുടെ പരാതിയെ തുടർന്നുണ്ടായ സംഭവങ്ങൾ അന്വേഷിക്കാൻ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയോഗിച്ചു.
ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചതാണിത്. ഗുൽബർഗ വിദ്യാഭ്യാസ അഡി. കമീഷണർ കെ. ആകാശാണ് അന്വേഷിക്കുക. ക്രിസ്ത്യൻ മാനജ്മെന്റിന് കീഴിലുള്ള സെന്റ് ജെറോസ സ്കൂൾ അധ്യാപിക സിസ്റ്റർ പ്രഭ ഏഴാം ക്ലാസിൽ രബീന്ദ്രനാഥ് ടാഗോറിന്റെ ‘കർമമാണ് ആരാധന’ എന്ന പദ്യം പഠിപ്പിക്കുന്നതിനിടെ ശ്രീരാമനെയും നരേന്ദ്ര മോദിയെയും അധിക്ഷേപിക്കുന്ന പരാമർശം നടത്തി എന്നാരോപിച്ച് എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ബി.ജെ.പി പ്രവർത്തകരോടൊപ്പം സ്കൂൾ പരിസരത്ത് മണ്ഡലം എം.എൽ.എയായ വേദവ്യാസ് കാമത്ത് ഗേറ്റിനു പുറത്ത് രക്ഷിതാക്കളെയും വിദ്യാർഥികളെയും മതവികാരം ഇളക്കിവിട്ട് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.
അകത്തേക്ക് വരാൻ സ്കൂൾ അധികൃതർ ക്ഷണിച്ചെങ്കിലും വിദ്യാർഥികളെക്കൊണ്ട് അവരുടെ സ്കൂളിനും അധ്യാപികക്കും എതിരെ മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു. ജയ്ശ്രീറാം വിളിപ്പിക്കാനുള്ള അവസരമായും ഉപയോഗിച്ചു. ബി.ജെ.പി എം.എൽ.എക്ക് വഴങ്ങി അധ്യാപികയെ സസ്പെൻഡ് ചെയ്ത ദക്ഷിണ കന്നട ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. രാമചന്ദ്ര നായ്കിനെ സർക്കാർ ബുധനാഴ്ച ഉടൻ പ്രാബല്യത്തോടെ ബെളഗാവിയിലെ ഗവ. ടീച്ചേഴ്സ് കോളജിൽ അധ്യാപകനായി സ്ഥലം മാറ്റിയിരുന്നു. കലബുറഗി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (പ്ലാനിങ്) വെങ്കിടേഷ് സുബ്രായ പടഗരയെ ദക്ഷിണ കന്നട ഡി.ഡി.പി.ഐയായി നിയമിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

