ജെ.ഡി.എസ് ‘ധർമസ്ഥല സത്യയാത്ര’ സംഘടിപ്പിച്ചു
text_fieldsമംഗളൂരു: യുവജന വിഭാഗം പ്രസിഡന്റ് നിഖിൽ കുമാരസ്വാമിയുടെ നേതൃത്വത്തിൽ കർണാടകയിലുടനീളമുള്ള നിരവധി ജെ.ഡി-എസ് പ്രവർത്തകർ ഞായറാഴ്ച ‘ധർമസ്ഥല സത്യ യാത്ര’ നടത്തി. രാഷ്ട്രീയ കാരണങ്ങളാലല്ല, ധർമ സംരക്ഷണമാണ് യാത്രയുടെ ലക്ഷ്യമെന്നും ധർമസ്ഥല ക്ഷേത്രത്തിനും ധർമാധികാരി ഡി. വീരേന്ദ്ര ഹെഗ്ഡെക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ചടങ്ങിൽ സംസാരിച്ച നിഖിൽ പറഞ്ഞു. ധർമസ്ഥലക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘‘ധർമാധികാരിക്ക് വേദനയും നിരാശയും തോന്നിയെങ്കിലും അദ്ദേഹം അത് പ്രകടിപ്പിച്ചില്ല. ദൈവം അദ്ദേഹത്തിന് ആ ശക്തി നൽകിയിട്ടുണ്ട്’’ -അദ്ദേഹം പറഞ്ഞു.
ധർമസ്ഥല ക്ഷേത്രത്തിനെതിരെയുള്ള അപവാദ പ്രചാരണം തുടരുമ്പോഴും അതുവഴി ആയിരക്കണക്കിന് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുമ്പോഴും ഞങ്ങൾക്ക് നിശ്ശബ്ദത പാലിക്കാൻ കഴിയില്ല. ധർമാധികാരി സമൂഹത്തിന് സേവനങ്ങൾ നൽകുകയും സംസ്ഥാനത്തെ ലക്ഷക്കണക്കിന് സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ധർമസ്ഥല ക്ഷേത്രത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമം നടന്നു, ധർമസ്ഥല ക്ഷേത്രത്തിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് രഹസ്യ ശക്തികളും സാമൂഹിക വിരുദ്ധരും എന്ന് നിഖിൽ അഭിപ്രായപ്പെട്ടു.‘ഗൂഢാലോചന’ എന്ന പദം ഉപയോഗിച്ചത് ജെ.ഡി-എസ് അല്ലെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് നിയമസഭയിൽ അത് ഉപയോഗിച്ചതെന്നും നിഖിൽ വ്യക്തമാക്കി. പരാതിക്കാരനായ ഒരു സാക്ഷി ആരോപണം ഉന്നയിച്ച ഉടൻതന്നെ എസ്.ഐ.ടി ഇത്ര തിടുക്കത്തിൽ രൂപവത്കരിക്കാൻ പാടില്ലായിരുന്നുവെന്ന് എല്ലാവരും സമ്മതിക്കുന്നു.
പരാതിക്കാരനായ സാക്ഷി ഒരു തലയോട്ടി കണ്ടെത്തിയപ്പോൾ, അദ്ദേഹത്തെ ചോദ്യം ചെയ്യുകയും അന്വേഷിക്കുകയും ചെയ്യണമായിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടു. ഗൂഢാലോചന നടത്തിയത് ഒന്നോ രണ്ടോ വ്യക്തികളല്ല. മറിച്ച്, വിദേശത്തുനിന്ന് ഫണ്ട് സ്വീകരിച്ച ചുരുക്കം ചിലരാണ് എന്ന് നിഖിൽ കൂട്ടിച്ചേർത്തു.ജെ.ഡി-എസിന്റെ കൂട്ടായ ആവശ്യമായ ഒരു കേന്ദ്ര ഏജൻസിയെക്കൊണ്ട് വിഷയം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ധർമാധികാരി വീരേന്ദ്ര ഹെഗ്ഡെയുമായി സംസാരിച്ചിരുന്നുവെന്നും നിഖിൽ പറഞ്ഞു. ഭക്തരുടെ പിന്തുണക്ക് നന്ദി പ്രകടിപ്പിച്ച ധർമാധികാരി വീരേന്ദ്ര ഹെഗ്ഡെ, ‘‘ക്ഷേത്രത്തിൽ ഒരു തെറ്റും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ക്ഷേത്രം എപ്പോഴും സത്യത്തിന്റെ പാത പിന്തുടരുന്നു’’ എന്ന് പറഞ്ഞു. എം.പി മല്ലേഷ് ബാബു, എം.എൽ.എമാരായ ഹരീഷ് ഗൗഡ, സ്വരൂപ് പ്രകാശ്, കരേമ്മ, മഞ്ജു എ, ഭോജഗൗഡ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

