രാജിവെച്ച ജെ.ഡി.എസ് എം.എൽ.എ ബി.ജെ.പിയിൽ
text_fieldsഡൽഹിയിൽ നടന്ന ചടങ്ങിൽ കർണാടകയിലെ മുതിർന്ന ജെ.ഡി.എസ് നേതാവ് എ.ടി. രാമസ്വാമി ബി.ജെ.പിയിൽ ചേർന്നപ്പോൾ
ബംഗളൂരു: വെള്ളിയാഴ്ച എം.എൽ.എ സ്ഥാനം രാജിവെച്ച കർണാടകയിലെ മുതിർന്ന ജെ.ഡി.എസ് നേതാവ് എ.ടി. രാമസ്വാമി ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാകുർ, ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം, ലെഹർ സിങ് എം.പി എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രി യെദിയൂരപ്പ എന്നിവരോടുള്ള സ്നേഹവും ഇഷ്ടവും മൂലമാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹാസൻ ജില്ലയിലെ ജെ.ഡി.എസിന്റെ ശക്തികേന്ദ്രമായ അർകൽഗുഡിൽ നിന്ന് നാലുതവണ എം.എൽ.എയായ രാമസ്വാമി അടുത്തിടെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു.
മേയ് 10ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെ.ഡി.എസിന് കൊഴിഞ്ഞുപോക്ക് വൻ പ്രതിസന്ധിയാവുകയാണ്. ഗുബ്ബി എം.എൽ.എ എസ്.ആർ. ശ്രീനിവാസ് അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു. താൻ ഉടൻ കോൺഗ്രസിൽ ചേരുമെന്ന് അരസികരെ എം.എൽ.എ ശിവലിംഗ ഗൗഡ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മറ്റൊരു എം.എൽ.എയായ കെ. ശ്രീനിവാസ ഗൗഡ രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി ക്രോസ് വോട്ട് ചെയ്ത് തെന്റ കോൺഗ്രസ് ‘സ്നേഹം’ നേരത്തേ പ്രകടിപ്പിച്ചയാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

