മിസ്ഡ് കാൾ കാമ്പയിനിൽ രണ്ടരലക്ഷം അംഗങ്ങളെന്ന് ജെ.ഡി.എസ്
text_fieldsനിഖിൽ കുമാരസ്വാമി
ബംഗളൂരു: അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള 58 ദിവസത്തെ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി ജനതാദൾ (സെക്കുലർ) സംസ്ഥാനവ്യാപകമായി മിസ്ഡ് കോൾ കാമ്പയിൻ ആരംഭിച്ച് ഒരു ആഴ്ചക്കുള്ളിൽ 2.5 ലക്ഷം പുതിയ അംഗങ്ങളെ ചേർത്തതായി അവകാശപ്പെട്ടു.
ജെ.ഡി(എസ്) നെ സ്ഥിരമായി പിന്തുണക്കുകയും വോട്ട് ചെയ്യുകയും ചെയ്ത 50 ലക്ഷം ആളുകളിലേക്ക് എത്തിച്ചേരാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് പാർട്ടി യൂത്ത് വിങ് പ്രസിഡന്റ് നിഖിൽ കുമാരസ്വാമി പറഞ്ഞു.പ്രാദേശിക പാർട്ടി തങ്ങളുടെ പ്രവർത്തനശൈലി കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഒരു വോട്ടർ പ്രചാരണ നമ്പറിലേക്ക് മിസ്ഡ് കാൾ നൽകുമ്പോൾ ഒ.ടി.പി അയക്കും. പേര്, ലിംഗഭേദം, പ്രായം, നിയമസഭ മണ്ഡലം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാൻ അവരെ അനുവദിക്കുന്നു. ഒരു ഫോട്ടോ അപ്ലോഡ് ചെയ്യാം. തങ്ങളുടെ സിസ്റ്റത്തിന് ഒരേസമയം 1,000 മിസ്ഡ് കാളുകൾ വരെ ക്രാഷ് ചെയ്യാതെ കൈകാര്യം ചെയ്യാൻ കഴിയും- നിഖിൽ പറഞ്ഞു.
താഴെത്തട്ടിലുള്ളവരുടെ പിന്തുണയോടെ, ജെ.ഡി(എസ്) എല്ലാ പഞ്ചായത്തിലും മുതിർന്ന പാർട്ടി നേതാക്കളെ വിന്യസിച്ചിട്ടുണ്ട്. ഓരോ നിയോജകമണ്ഡലത്തിലും 5,000 സജീവ പാർട്ടി പ്രവർത്തകരെ ഞങ്ങൾ കണ്ടെത്തി അവർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നു. ഈ വ്യക്തികൾ പാർട്ടിയുടെ കോർ ടീമായും മണ്ഡലം തലത്തിൽ പ്രധാന കോൺടാക്ടായും പ്രവർത്തിക്കും.
പാർട്ടി സ്ഥാപകൻ എച്ച്.ഡി ദേവഗൗഡയുടെയും കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെയും രാഷ്ട്രീയ പാരമ്പര്യവും നേട്ടങ്ങളും എടുത്തുകാണിക്കുന്ന ബ്രോഷറുകളും പാർട്ടി പുറത്തിറക്കിയിട്ടുണ്ട്. മിസ്ഡ് കാൾ കാമ്പയിൻ അവസാനിച്ചുകഴിഞ്ഞാൽ പഴയ മൈസൂരുവിലും കല്യാണ കർണാടക മേഖലയിലും ഓരോ റാലികൾ വീതം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

