ജെ.ഡി-എസ് മുൻ എം.എൽ.എ കോൺഗ്രസിൽ
text_fieldsകോൺഗ്രസിൽ ചേർന്ന ജെ.ഡി-എസ് മുൻ എം.എൽ.എ എസ്.ആർ. ശ്രീനിവാസിന്
കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പാർട്ടി പതാക കൈമാറുന്നു
ബംഗളൂരു: ജെ.ഡി-എസ് മുൻ എം.എൽ.എ എസ്.ആർ. ശ്രീനിവാസ് എന്ന ഗുബ്ബി ശ്രീനിവാസ് കോൺഗ്രസിൽ ചേർന്നു. മുൻ മന്ത്രി കൂടിയായ ശ്രീനിവാസ് കഴിഞ്ഞ തിങ്കളാഴ്ച എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു.ഇതോടെ ഈ മാസം കോൺഗ്രസിൽ ചേർന്ന നിയമസഭ സാമാജികരുടെ എണ്ണം മൂന്നായി. നിയമനിർമാണ കൗൺസിൽ അംഗങ്ങളായിരുന്ന ബി.ജെ.പിയുടെ പുട്ടണ്ണയും ബാബുറാവു ചിഞ്ചാൻസൂറും സാമാജിക അംഗത്വം രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ പുട്ടണ്ണക്ക് രാജാജി നഗർ സീറ്റ് നൽകിയിട്ടുണ്ട്.
ബാബുറാവു ചിഞ്ചാൻസൂറിന് ഗുർമിത്കലും ശ്രീനിവാസിന് ഗുബ്ബിയും സീറ്റായി കോൺഗ്രസ് നൽകുമെന്നാണ് സൂചന. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസിനു വേണ്ടി പ്രവർത്തിച്ച 37 നേതാക്കൾ ഇതുവരെ തങ്ങളുടെ നിരയിലെത്തിയതായി കോൺഗ്രസ് അവകാശപ്പെട്ടു. ഏറെക്കാലമായി വാസുവിനെ (ശ്രീനിവാസ്) പാർട്ടിയിലെത്തിക്കാൻ താൻ ശ്രമം നടത്തുന്നതായി കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. ഇപ്പോൾ ജനങ്ങളുടെ വികാരം മനസ്സിലാക്കിയാണ് വാസു കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ വരവ് പാർട്ടിക്ക് തുമകുരുവിൽ മാത്രമല്ല പഴയ മൈസൂരു മേഖലയിലും ശക്തിപകരും.
കോൺഗ്രസിൽ ചേരാൻ എതിർ പാർട്ടികളിൽനിന്ന് ഇനിയും നേതാക്കൾ സജ്ജരാണെന്നും ശിവകുമാർ പറഞ്ഞു. ബംഗളൂരു ക്യൂൻസ് റോഡിലെ കെ.പി.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ ശിവകുമാർ പാർട്ടി പതാക ശ്രീനിവാസിന് കൈമാറി. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

