ജെ.പി: കോൺഗ്രസിന് ‘ജയപ്രകാശം’
text_fieldsജയപ്രകാശ് ഹെഗ്ഡെയെ ഡി.കെ. ശിവകുമാർ ഷാൾ അണിയിക്കുന്നു
എം.പി. കുമാരസ്വാമിമംഗളൂരു: ആളുകൾ നെഞ്ചേറ്റുന്ന, നേതൃതലത്തിൽ അറിവും തന്ത്രവും പകരാനാവുന്ന നേതാവുണ്ടാവുക, അതിന്റെ ‘അപകടം’ അറിഞ്ഞ അപകർഷതയിൽ അദ്ദേഹത്തെ ചവിട്ടിപ്പുറത്താക്കുക -അതായിരുന്നു ജയപ്രകാശ് ഹെഗ്ഡെ എന്ന ജെ.പി ഹെഗ്ഡെയുടെ കാര്യത്തിൽ ഒമ്പത് വർഷം മുമ്പ് കോൺഗ്രസ് ചെയ്തത്. നോട്ടീസ് പോലും നൽകാതെ 2015 ഡിസംബർ 14ന് പാർട്ടിയിൽനിന്ന് ആറ് വർഷത്തേക്ക് പുറത്താക്കി.
കർണാടകയിൽ ഒന്നാം സിദ്ധാരാമയ്യ സർക്കാർ അധികാരത്തിലിരുന്ന സമയമായിരുന്നു അത്. ദക്ഷിണ കന്നട ജില്ലയിലെ എട്ട് നിയമസഭ മണ്ഡലങ്ങളിൽ ഏഴിടത്തും കോൺഗ്രസ് എം.എൽ.എമാർ. ബി. രമാനാഥ റൈയും യു.ടി. ഖാദറും മന്ത്രിമാർ. ഉഡുപ്പി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നാലിലും കോൺഗ്രസ് എം.എൽ.എമാർ. വിനയകുമാർ സൊറകെ മന്ത്രി.രാഷ്ട്രീയമർമം മംഗളൂരു മണ്ഡലം പ്രതിനിധാനം ചെയ്യുന്ന യു.ടി. ഖാദറിൽ പരിമിതപ്പെടുന്ന സ്ഥിതിവിശേഷമാണ് ജെ.പി പുറത്തുപോയ ശേഷം ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളിലെ കോൺഗ്രസിൽ ഉണ്ടായതെന്ന് തുടർന്നു വന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നട ജില്ലയിൽ യു.ടി. ഖാദർ ഒഴികെ കോൺഗ്രസിന്റെ ഏഴ് പേരും തോറ്റു. ഉഡുപ്പി ജില്ലയിൽ കോൺഗ്രസ് സ്ഥാനാർഥികളിൽ ഒരാൾപോലും ജയം തൊട്ടില്ല.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഉഡുപ്പി ജില്ലയിൽ ബി.ജെ.പിയാണ് വീണ്ടും സീറ്റുകൾ മുഴുവൻ തൂത്തുവാരിയത്. ദക്ഷിണ കന്നട ജില്ലയിൽ പുത്തൂർ മണ്ഡലത്തിൽ ബി.ജെ.പി റെബൽ രണ്ടാം സ്ഥാനത്ത് എത്തുന്ന സ്ഥിതിയുണ്ടായതിനാൽ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം രണ്ടായി. ദക്ഷിണ കന്നട ലോക്സഭ മണ്ഡലത്തിൽ നളിൻ കുമാർ കട്ടീൽ, ഉഡുപ്പി-ചിക്കമഗളൂരുവിൽ ശോഭ കരന്ദ്ലാജെ എന്നീ ബി.ജെ.പി സ്ഥാനാർഥികൾ ബഹുഭൂരിപക്ഷത്തിലാണ് വിജയിച്ചത്.ജെ.പിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ച രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകൾ എന്നും സാക്ഷിപറയുന്നു.
എം.പി. കുമാരസ്വാമി, ബി.എം. സുകുമാർ ഷെട്ടി
ബ്രഹ്മാവർ മണ്ഡലത്തിൽനിന്ന് 1999ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സരള ബി കാഞ്ചൻ-കോൺഗ്രസ്, ഇപ്പോഴത്തെ നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവും മുൻ മന്ത്രിയുമായ കോട്ട ശ്രീനിവാസ പൂജാരി -ബി.ജെ.പി, ദയാനന്ദ ഷെട്ടി -ജെ.ഡി.എസ് എന്നിവരെ പിന്തള്ളിയായിരുന്നു സ്വതന്ത്രനായി ജനവിധി തേടിയ ജയപ്രകാശ് ഹെഗ്ഡെ 4763 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിയമസഭയിൽ എത്തിയത്.2004ൽ കോൺഗ്രസിന്റെ മുൻ മന്ത്രി പ്രമോദ് മധ്വരാജ്, ബി.ജെ.പിയുടെ കോട്ട ശ്രീനിവാസ പൂജാരി, ജെ.ഡി.എസിന്റെ അൽതാർ നിരഞ്ജൻ ഹെഗ്ഡെ എന്നിവരെ മറികടന്ന് സ്വതന്ത്രൻ വിജയം ആവർത്തിച്ചപ്പോൾ ഭൂരിപക്ഷം 12,173 വോട്ടുകളായി ഉയർന്നു. അഭിഭാഷകനായ ഹെഗ്ഡെ വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന നേതാവാണ്. ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവർ മണ്ഡലത്തിൽനിന്ന് 1994ൽ ജനതദൾ പ്രതിനിധിയായാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. തുറമുഖ-ഫിഷറീസ് മന്ത്രിയായി പ്രവർത്തിച്ചു. അവിഭക്ത ദക്ഷിണ കനറ ജില്ല വിഭജിച്ച് ഉഡുപ്പി, ദക്ഷിണ കന്നട രൂപവത്കരണ ദൗത്യത്തിന് നേതൃത്വം നൽകി. ഉഡുപ്പി ജില്ല സ്ഥാപകൻ എന്ന ഖ്യാതി ഇതിലൂടെ വന്നുചേർന്നു.
1997ൽ ജില്ല വിഭജനത്തിന് പിന്നാലെ ബ്രഹ്മാവർ മണ്ഡലവും ഭേദിക്കപ്പെട്ടിരുന്നു. ഇതോടെ കോൺഗ്രസിൽ ചേർന്ന ഹെഗ്ഡെ 2012ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ലോക്സഭയിലെത്തിയിരുന്നു. ഡി.വി. സദാനന്ദ ഗൗഡ കർണാടക മുഖ്യമന്ത്രിയാവാൻ എം.പി സ്ഥാനം രാജിവെച്ച ഒഴിവിലായിരുന്നു അത്. കോൺഗ്രസ് പുറത്താക്കിയതിന് ശേഷം ബി.ജെ.പിയിൽ ചേർന്ന ജെ.പിക്ക് സർക്കാർ പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ സ്ഥാനം നൽകിയിരുന്നു. പകരം ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളിൽ ബി.ജെ.പിക്ക് ലഭിച്ചത് തന്ത്രങ്ങളുടെ ബുദ്ധി കേന്ദ്രത്തെയായിരുന്നു. എഴുപത്തിരണ്ടാം വയസ്സിലും അത് കുശാഗ്രമാണ്.
ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാവുമോ എന്ന അന്വേഷണത്തിന്, മുഴുവൻ കോൺഗ്രസ് സ്ഥാനാർഥികളുടേയും വിജയത്തിനായി പ്രവർത്തിക്കുമെന്നായിരുന്നു ജെ.പിയുടെ പ്രതികരണം.
കലുഷിതമാണ് ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ കാവി രാഷ്ട്രീയം. നേതൃത്വവും അണികളും തിരസ്കരിക്കുന്ന അവസ്ഥയിലാണ് ദക്ഷിണ കന്നട എം.പി നളിൻകുമാർ കട്ടീൽ. ഉഡുപ്പി-ചിക്കമഗളൂരു എം.പി കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെക്ക് എതിരെ ബി.ജെ.പി പ്രവർത്തകർ തെരുവിലാണ്.ജെ.പിയോടൊപ്പം ബി.ജെ.പി മുൻ എം.എൽ.എമാരായ ബി.എം. സുകുമാർ ഷെട്ടിയും എം.പി. കുമാര സ്വാമിയും കോൺഗ്രസിൽ ചേർന്നിരുന്നു. ഇരുവരും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് ലഭിക്കാത്തതിൽ അസംതൃപ്തരായിരുന്നു. ചൊവ്വാഴ്ച ബംഗളൂരു കെ.പി.സി.സി ആസ്ഥാനത്ത് ഇതുവരെ തോളേറ്റിയ താമര കുത്തിയ ഷാൾ ഉപേക്ഷിച്ച് കൈപ്പത്തി മുദ്രയുള്ളത് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിൽനിന്ന് ജെ.പി സ്വീകരിച്ചതോടെ കർണാടക ബി.ജെ.പിയിലെ അടിയൊഴുക്കുകൂടി തെളിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

